റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ താരമായ റൊണാൾഡോ ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായതിനാലാണ് ക്ലബ് വിടാൻ ആലോചിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എൽ നാഷനൽ റിപ്പോർട്ട് ചെയ്തു. സൗദിയിൽ ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും സൂപ്പർ താരത്തെ അലട്ടുന്നുണ്ടെന്നാണു വിവരം.
അൽ നസർ ക്ലബിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യ വിട്ടാൽ താരം റയൽ മഡ്രിഡിലേക്കു മടങ്ങാനാണു സാധ്യത. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് റയലിന്റെ അംബാസഡർ സ്ഥാനത്തേക്കാണ് റൊണാൾഡോയെ പരിഗണിക്കുന്നത്. മഡ്രിഡിലേക്കു തിരികെയെത്തിയാല്‍ താരത്തിന് കളിക്കാരനായി തുടരാനാകില്ലെന്നാണ് സ്പാനിഷ് മാധ്യമ റിപ്പോർട്ട്.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ കഴിഞ്ഞ ജനുവരിയിലാണ് അൽ നസറിൽ ചേർന്നത്. 14 മത്സരങ്ങളിൽനിന്ന് 11 ഗോളുമായി തിളങ്ങി. സൗദി സൂപ്പർ കപ്പിൽ അല്‍ ഇത്തിഹാദിനോടു തോറ്റ് അൽ നസർ പുറത്തായിരുന്നു.
കഴിഞ്ഞ ദിവസം മത്സരത്തിനുശേഷം മടങ്ങവെ സ്വന്തം ടീമിന്റെ പരിശീലകരോടു റൊണാൾഡോ ദേഷ്യപ്പെട്ടിരുന്നു. പരിശീലകരോടു താരം തർക്കിക്കുന്ന വിഡിയോയും പുറത്തുവന്നു.
കളി കഴിഞ്ഞു മടങ്ങവെ ആരാധകർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതും റൊണാൾഡോയ്ക്കെതിരെ സൗദിയിൽ ആരാധക രോഷം ഉയർത്തി. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര്, എതിര് ടീമിന്റെ ആരാധകർ റൊണാൾഡോയ്ക്കു നേരെ ചാന്റ് ചെയ്തതോടെയാണ് താരം അശ്ലീല ആംഗ്യം കാണിച്ചത്. റൊണാൾഡോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗദിയിലെ അഭിഭാഷകൻ അധികൃതർക്ക് പരാതി നൽകിയിരുന്നു.