ഹിറ്റ്മാൻ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റിൽ ഒരപൂർവ്വ റെക്കോഡ്

റാഞ്ചി: ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലെയും ചേര്‍ത്ത് രോഹിത് പരമ്പരയില്‍ ഇതുവരെ നേടിയത് 17 സിക്സറുകളാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ 15 സിക്സറുകള്‍ നേടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന്റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനുമാണ് രോഹിത്. 2010ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 14 സിക്സറുകള്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യന്‍ താരങ്ങളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.