രോഹിത് ടീമിന് പുറത്തേക്ക്‌? മൂന്നാം മത്സരത്തിലും പരാജയമായതിനുപിന്നാലെ ദീർഘ നേരം ചർച്ച നടത്തി നിത അംബാനി

മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം നടത്തിയ മത്സരത്തില്‍ എട്ടു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി നടത്തിയ ദൈര്‍ഘ്യമേറിയ ചര്‍ച്ചയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്താകുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരേ 12 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ രോഹിത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ഡക്കായ രോഹിത്തിന് രണ്ടാം മത്സരത്തില്‍ എട്ടു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് രോഹിത്തും നിത അംബാനിയും തമ്മില്‍ നടന്ന ചര്‍ച്ച ശ്രദ്ധ നേടുന്നത്. ഈ ചര്‍ച്ചയും നിലവിലെ രോഹിത്തിന്റെ ഫോമും കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ താരത്തിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ പത്ത് ഐപിഎല്‍ ഇന്നിങ്‌സുകളെടുത്താല്‍ വെറും 141 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് താരത്തിന് 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്.

കൊല്‍ക്കത്തയ്‌ക്കെതിരെയും രോഹിത് പരാജയപ്പെട്ടതോടെ രോഹിത് ശര്‍മ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമില്‍ തുടരുന്നതെന്ന വിമര്‍ശനവുമാായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News