രോഹിത് തെറിച്ചു; ഏകദിനത്തിലും ഗില്‍ നായകന്‍, ഓസീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും. രോഹിത്തിന് നായകസ്ഥാനം നഷ്ടമായി. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാരുടെ നീക്കം. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ സെലക്ടർമാർ രോഹിത് ശർമയുമായി യോഗം ചേർന്നിരുന്നു. ശനിയാഴ്ചയാണ് സെലക്ടർമാർ കൂടിക്കാഴ്ച നടത്തിയത്‌. രോഹിത്തുമായി ഇക്കാര്യം നേരിട്ട് ചർച്ച ചെയ്തുവെന്നാണ് വിവരം. ഇതിന് പിന്നാലെ നായകസ്ഥാനത്തുനിന്ന് താരത്തെ മാറ്റുകയായിരുന്നു.  2027 ലോകകപ്പിലും ഗിൽ തന്നെ ഇന്ത്യയെ നയിക്കും.

ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിലിടംപിടിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല.  ഋഷഭ് പന്തിന് പരിക്കേറ്റതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍.

യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഏകദിന ടീമിലിടം നേടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു. അതേസമയം ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ഗില്‍ വൈസ് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലിയുടെയും രോഹിത്തിന്റെയും മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. ഒക്ടോബര്‍-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News