NationalNews

‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിൽ’; നിതീഷ് കുമാറിനെ പരിഹസിച്ച് രോഹിണി

പാട്‌ന: മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണിയുടെ പരിഹാസം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിണി ആചാര്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പരാമര്‍ശം. 

‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് പോകുന്നു, കൂട്ടത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളും’ എന്നാണ് ഹിന്ദിയിലുള്ള രോഹിണിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നത്. നിതീഷ് കുമാര്‍ രാജി വയ്ക്കുന്നതിന് മുമ്പ്, ‘ഞങ്ങള്‍ക്ക് ശ്വാസമുള്ളിടത്തോളം, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും’ എക്‌സിലൂടെ രോഹിണി പറഞ്ഞിരുന്നു. 

അതേസമയം, ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വൈകുന്നേരം നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെയാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. 

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാര്‍ മുന്നണി മാറിയിട്ടുണ്ട്. എന്നാല്‍ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാന്‍ നിതീഷ് കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോഴാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിടുന്നത്.

തന്റെ പാര്‍ട്ടി മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ നിതീഷ്, മോദിയുടെ സ്ഥാനാര്‍ഥിത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും 2013ല്‍ എന്‍ഡിഎ വിടുകയും ചെയ്തു. 2015-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന് ആദ്യത്തെ മഹാഗഡ്ബന്ധന്‍ സഖ്യം രൂപീകരിച്ചു. മഹാസഖ്യം 178 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. 

എന്നാല്‍, വെറും രണ്ട് വര്‍ഷം മാത്രമേ സഖ്യത്തിന് ആയുസുണ്ടായുള്ളൂ. 2017-ല്‍ ഐആര്‍സിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയപ്പോള്‍ ബന്ധം വഷളായി. ലാലുവുമായി പിണങ്ങി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. അന്നാണ് നിതീഷിനെ ലാലുപ്രസാദ് യാദവ് ‘പല്‍ട്ടു റാം’ എന്ന് വിളിച്ചത്. 

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേറുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കണ്ണെറിഞ്ഞതോടെ നിതീഷിന് അപകടം മണത്തു. 2022ല്‍ എന്‍ഡിഎയിലെ അരക്ഷിതാവസ്ഥക്ക് അവസാനം കുറിച്ച് ആര്‍ജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും മഹാഗഡ്ബന്ധന്‍ സജീവമാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പുതിയ ചാട്ടം.

ഇന്ത്യ മുന്നണിയില്‍ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്നാണ് പുതിയ കൂറുമാറ്റം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ നിതീഷ് സഖ്യവുമായി അകന്നു. തുടര്‍ന്ന് മുന്നണിമാറ്റ ചര്‍ച്ച സജീവമാക്കി. ഇപ്പോള്‍ വീണ്ടും എന്‍ഡിഎയിലേക്ക് കൂറുമാറിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം സേഫാക്കിയാണ് നിതീഷ് ചരടുവലിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button