പത്തനംതിട്ട:രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് ഏറെ ശ്രദ്ധ നേടിയ പത്തനംതിട്ട- കോയമ്പത്തൂർ റോബിൻ ബസിന് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വിസ് തുടങ്ങി മിനിറ്റുകൾക്കകം മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ബസ് കടന്നുപോയ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ തടഞ്ഞ് നടപടി സ്വീകരിച്ചശേഷം വിട്ടയച്ചു. ബസിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ച അഞ്ചിന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയാണിട്ടത്. ചലാന്‍ നല്‍കിയെങ്കിലും വാഹനം പിടിച്ചെടുത്തില്ല. പിഴയടക്കാതെ തന്നെ ബസ് യാത്ര തുടർന്നു. ഇതോടെ അരമണിക്കൂർ വൈകി.
പാല കൊച്ചിടപ്പാടിയിൽ എത്തിയ ബസിനെ എ.എം.വി.ഐ ഡാനിയും കോട്ടയം ആർ.ടി.ഒ സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. പിന്നീട് ബസ് വിട്ടയച്ചു. മൂവാറ്റുപുഴ, അങ്കമാലി, പാലിയേക്കര, പാലക്കാട്, തൃശൂർ പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ബസ് തടഞ്ഞു. അങ്കമാലിയിൽ ദേശീയപാത കോതകുളങ്ങരയിൽ രാവിലെ 11ഓടെ അങ്കമാലി ജോ. ആർ.ടി.ഒ മനോജിന്റെ നേതൃത്വത്തിലാണ് ബസ് പരിശോധിച്ചത്. പത്തനംതിട്ടയിലെ പിഴ സംബന്ധിച്ച വിവരങ്ങളേ അറിഞ്ഞിട്ടുള്ളൂവെന്ന് ബസിൽ കോയമ്പത്തൂർ വരെ സഞ്ചരിച്ച ഉടമ പാലാ സ്വദേശി ഗിരീഷ് പറഞ്ഞു.
സാധുതയുള്ള സ്റ്റേജ് കാര്യേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയതിനാണ് ബസിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഹൈകോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറക്കുന്നതെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഉടമ പറഞ്ഞു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ ബസ് പിടികൂടിയിരുന്നു. കെ.എസ്.ആർ.ടി.സിയാണ് ബസിനെതിരെ പരാതി നൽകിയിരിക്കുന്നത്. റോബിൻ ബസിനെ തടയാൻ കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ ഹരജിയും നൽകിയിട്ടുണ്ട്.
റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ. ചാവടി ചെക്ക്പോസ്റ്റിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.
മുഴുവൻ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്പോസ്റ്റിൽ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തിൽ നാലിടത്തായി 37,500 രൂപയോളം റോബിൻ ബസിന് പിഴയിട്ടിരുന്നു.
ഒരാഴ്ച സർവീസ് നടത്താൻ കഴിയുമെന്നതിനാലാണ് തമിഴ്നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്സിന് പുറമേ കൂടുതൽ പണം തമിഴ്നാട്ടിൽ അടയ്ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
മോട്ടോർ വാഹന വകുപ്പ് പിന്നാലെ കൂടിയതോടെ സമൂഹ മാധ്യമങ്ങളിൽ താരമായി റോബിൻ ബസ്. ബസ് കാണാൻ പത്തനംതിട്ട മുതൽ പാലക്കാട് സംസ്ഥാന അതിർത്തി വരെ നിരവധി പേരാണ് തടിച്ചുകൂടിയത്. സമൂഹ മാധ്യമങ്ങളിൽ ബസോട്ടം ലൈവാകുകയും ചെയ്തു. ഇതിനിടെ, ടെലിവിഷൻ ചാനലുകളും ബസിനെ പിന്തുടർന്നു. ബസ് തടഞ്ഞിട്ട സ്ഥലങ്ങളിലെല്ലാം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ പ്രതിഷേധമുയർന്നു.
മോട്ടോർ വാഹന വകുപ്പിനും സംസ്ഥാന സർക്കാറിനുമെതിരെ മുദ്രാവാക്യം വിളികളും ഉയർന്നു. എല്ലായിടത്തും ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യമുനയിൽ നിർത്തി. ചിലർ തട്ടിക്കയറി. സ്വകാര്യ ബസ് ഉടമകളും