തിരുവനന്തപുരം: സംസ്ഥാനത്ത് 726 റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ പകുതിയായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്. മുൻപ് ദിവസം ശരാശരി 4.5 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ക്യാമറകൾ സ്ഥാപിച്ചശേഷം അത് 2.1 ലക്ഷമായി കുറഞ്ഞെന്നാണ് വകുപ്പിന്റെ കണക്ക്. റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി.
726 റോഡ് ക്യാമറകൾ സ്ഥാപിച്ചശേഷം ഹെൽമറ്റ് വയ്ക്കുന്നവരുടെ എണ്ണം കൂടിയതായി മോട്ടർ വാഹനവകുപ്പ് പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ സഞ്ചരിക്കുന്നതു കുറഞ്ഞു. കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാൻ കൂടുതൽ രക്ഷിതാക്കൾ തയാറായതായും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം 20നാണ് 726 റോഡ് ക്യാമറകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും പിഴ ഈടാക്കി തുടങ്ങിയിട്ടില്ല.
മേയ് 19 വരെ ബോധവൽക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാതെ ചെലാൻ മാത്രമായി അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അയച്ചു തുടങ്ങിയില്ല. പിഴ ഈടാക്കാതെ ചെലാൻ അയയ്ക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാകാമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചെലാനു പകരം മൊബൈലിൽ സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടിയെയും സഞ്ചരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. മേയ് 10ന് ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്ര നിയമത്തിൽ കേരളത്തിനു മാത്രമായി ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ക്യാമറകൾക്കു പുറമെ സേഫ് കേരള പദ്ധതിയുടെ കീഴിൽ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയമലംഘനം കണ്ടെത്താനായി വിന്യസിച്ചിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പ് റോഡുകളിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 8 ക്യാമറകളാണ് അമിത വേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം വാഹനങ്ങളിലും 4 എണ്ണം വിവിധ ജംക്‌ഷനുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ക്യാമറകളിലാണ് ഹെൽമറ്റ്– സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, തെറ്റായ ദിശയിലെ പാർക്കിങ്, റെഡ് ലൈറ്റ് മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. അമിതവേഗം കണ്ടെത്തുന്ന ക്യാമറകൾ പൊലീസ് സ്ഥാപിക്കുന്നതിനാലാണ് ഇത്തരം ക്യാമറകൾ മോട്ടർ വാഹന വകുപ്പ് കൂടുതലായി സ്ഥാപിക്കാത്തത്.
കേരളത്തിൽ ഒരു വർഷം ശരാശരി 4,000 പേരാണ് റോഡ് അപകടങ്ങളിൽ മരിക്കുന്നത്. 35,000ൽ അധികംപേർക്ക് ഒരു വർഷം പരുക്കേൽക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മരിക്കുന്നതിൽ ഏറെയും. ഹെൽമറ്റ് ധരിക്കാത്തത് മരണനിരക്ക് വർധിപ്പിക്കുന്നു. 2022ൽ 43,945 അപകടങ്ങളിലായി 4,317 പേരാണ് മരിച്ചത്. 49,339 പേർക്ക് പരുക്കേറ്റു. 2023 മാർച്ച് വരെ 840 പേർ റോഡ് അപകടങ്ങളിൽ മരിച്ചു.