റോഡിന് പാകിസ്താന്റെ പേര് നല്‍കി ബോര്‍ഡ്; സംഭവം വിവാദമായതോടെ ബോര്‍ഡും പേരും പിന്‍വലിച്ചു
തൃശൂര്‍: റോഡിനും കാനയ്ക്കും പാകിസ്താന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദമാകുന്നു. കയ്പമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനാണ് പാകിസ്താന്റെ പേര് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. മൂന്നുപീടിക ബീച്ച് റോഡില്‍ നിന്ന് പോകുന്ന അയിരൂര്‍ പുത്തന്‍ പള്ളി റോഡിലാണ് കാന പണിപൂര്‍ത്തിയാക്കിയ പദ്ധതിയുടെ പേരില്‍ പാകിസ്താന്‍ റോഡ് എന്ന് ബോര്‍ഡ് വച്ചത്.
മുന്‍ ഭരണസമിതിയുടെ കാലത്താണ് റോഡിന്റെ പേര് ഇങ്ങനെ വന്നതെന്നും പുതിയ ഭരണ സമിതി പഞ്ചായത്ത് രേഖയില്‍ നിന്ന് നീക്കം ചെയ്തുവെന്നും സംഭവം വിവാദമായതോടെ കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് പ്രതികരിച്ചു. മാത്രമല്ല റോഡിന്റെ സൈഡിലുള്ള കാനയുടെ പണി പൂര്‍ത്തിയായപ്പോള്‍ കോണ്ടാക്ടറാണ് പഴയ രേഖപ്രകാരം ബോര്‍ഡ് വച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഈ പരാതി ലഭിച്ചപ്പോള്‍ തന്നെ ബോര്‍ഡ് നീക്കം ചെയ്തതായും പ്രസിഡന്റ് അറിയിച്ചു. വാര്‍ഡിന് തൊട്ടടുത്ത് പാകിസ്താനില്‍ ജോലി ചെയ്തിരുന്ന ഒരു കുടുംബം താമസിച്ചിരുന്നതുകൊണ്ട് ആ കുടുംബമായി ബന്ധപ്പെട്ടവരെ പാകിസ്താന്‍കാരെന്ന് തമാശരൂപേണ വിളിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.