കൊച്ചി:രണ്ടാം വരവിന് ശേഷം ഒട്ടനവധി മനോഹര സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകന് സമ്മാനിച്ച പ്രതിഭയാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോ ഇമേജ് തിരുത്തി ഏത് ടൈപ്പ് കഥാപാത്രവും ഇപ്പോൾ അനായാസം കുഞ്ചാക്കോ ബോബൻ കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ ഓരോ സിനിമ വരുമ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷ വാനോളമാണ്.
ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ സിനിമ ന്നാ താൻ കേസ് കൊട് വലിയ വിജയമായിരുന്നു. കനകം കാമിനി കലഹത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. വിവാദങ്ങളിൽ പതറാതെ കുഞ്ചാക്കോ ബോബൻ ചിത്രം ബോക്സ് ഓഫീസിൽ ഹാഫ് സെഞ്ച്വറി അടിക്കുകയും ചെയ്തിരുന്നു അടുത്തിടെ.
ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഓഗസ്റ്റ് 11നാണ് ന്നാ താൻ കേസ് കൊട് തിയേറ്ററുകളിൽ എത്തിയത്.
കുഞ്ചാക്കോ ബോബന്റെ സിനിമ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതര്‍ പാടി എന്ന ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
ശേഷം ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്…. എന്നാലും വന്നേക്കണേ… എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ നിരവധി പേർ രംഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമയെന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന ഒറ്റിന്റെ പ്രമോഷന് വേണ്ടി മാധ്യമങ്ങളെ കണ്ടപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഒറ്റെന്നുള്ള സിനിമയ്ക്ക് വേണ്ടി ഞാൻ ബോംബെയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തു.’
‘ഒറ്റ കുഴിപോലും കണ്ടില്ല റോഡുകളിൽ. അത് എടുത്ത് പറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. പക്ഷെ കുഴികളില്ല. അതുകൊണ്ട് നിങ്ങൾക്ക് ധൈര്യപൂർവം തിയേറ്ററുകളിലേക്ക് വരാം. ഈ സിനിമ ആസ്വദിക്കാം. അത്യാവശ്യം സ്പീഡിൽ പോകുന്ന സിനിമയും വണ്ടിയുമാണ്. മംഗലാപുരം മുതൽ കൊച്ചി വരെ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്.’
‘വീതി കൂട്ടികൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞില്ലേ? ചില സിനിമകൾ കാരണം നല്ല കാര്യങ്ങൾ സംഭവിക്കും. ഒറ്റിനൊരു സെക്കന്റ് പാർട്ട് വരികയാണെങ്കിൽ മംഗാലാപുരം മുതൽ തിരുവനന്തപുരം വരെ യാത്ര നമുക്ക് സെറ്റാക്കാം’ കുഞ്ചാക്കോ ബോബൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ഒറ്റ്. സെപ്റ്റംബര്‍ 8 തിരുവോണ നാളിൽ ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും.
ജാക്കി ഷ്‌റോഫാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്.സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.