കൊണ്ടോട്ടി: ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് എതിരേവന്ന സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വാഴയൂർ പുതുക്കോട് പാലക്കോട്ട് മുബാറക്ക് മൻസിലിൽ മുഹമ്മദ് നിഹാൽ (18), സുഹൃത്ത് മേലേപുതുക്കോട് താഴത്തുവീട്ടിൽ പി.കെ. അംജദ് (19) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്‌ച മൂന്നോടെ ദേശീയപാതയിൽ വിമാനത്താവള ജങ്ഷനു സമീപം നീറ്റാണിയിലായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. കൊണ്ടോട്ടി ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടർ മുന്നിലുണ്ടായിരുന്ന പിക്കപ്പ്‌ജീപ്പിനെ മറികടക്കാനൊരുങ്ങവേയാണ് അമിതവേഗത്തിൽ മറ്റൊരു സ്‌കൂട്ടറിനെ മറികടന്നെത്തിയ ബസ് ഇടിച്ചത്.
ബസിന്റെ വലതുഭാഗത്ത് ഇടിച്ച സ്‌കൂട്ടർ 10 മീറ്ററിലേറെ റോഡിൽ പിറകിലേക്കു തെന്നിനീങ്ങിയാണു നിന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഖബറടക്കം പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്‌ച ഉച്ചയോടെ പേങ്ങാട് ജുമാമസ്ജിദിൽ നടക്കും. ടി.വി. യൂസുഫിന്റെയും സഫിയയുടെയും മകനാണ് മുഹമ്മദ് നിഹാൽ. സഹോദരങ്ങൾ: ഹനീഫ ഫർഹാൻ, ആയിഷ പർവീൺ. മൻസൂറിന്റെയും ഖൈറുന്നീസയുടെയും മകനാണ് അംജദ്. സഹോദരങ്ങൾ: മുഹമ്മദ് അർഷദ്, മുഹമ്മദ് അഫ്‌ലഹ്, ആദം ഐസിൻ.