കലാഭവന്‍ മണിയുടെ വീട്ടിലെത്തി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് വീഡിയോ ഒരുക്കുന്ന ബ്ലോഗര്‍മാര്‍ക്കെതിരെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ രംഗത്ത്. മാനസികമായി വിഷമിപ്പിക്കുന്നതും അസത്യങ്ങളും കുപ്രചാരണങ്ങളുമാണ് ചില യൂട്യൂബ് വീഡിയോകളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് രാമകൃഷ്ണന്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നത്.
ആര്‍.എല്‍.വി. രാമകൃഷ്ണന്റെ വാക്കുകള്‍:
ബ്ലോഗ് ചെയ്യാനായി ഒരു നീണ്ട നിര തന്നെ ഇപ്പോള്‍ ചാലക്കുടിയില്‍ എത്തുന്നുണ്ട്. മണിച്ചേട്ടന്റെ വീടും നാടും എല്ലാവരിലേക്കും എത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ സത്യസന്ധമായ കാര്യങ്ങളല്ല പലരും അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല. മണിച്ചേട്ടന്‍ ഞങ്ങളുടെ മൂത്തസഹോദരനായ വേലായുധന്‍ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ്.
നൂറ് എന്ന നമ്പറിലാണ് ആ വണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിച്ചേട്ടന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷകള്‍ ലാംബെര്‍ട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകള്‍ ഇന്നില്ല. ഇവിടെ ഒരു കാരവാന്‍ ഉണ്ട്. പ്രളയത്തില്‍ മുങ്ങിപ്പോയതിനാല്‍ അത് ഉപയോഗശൂന്യമായി. ആ വണ്ടിക്കുള്ളില്‍ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകര്‍ന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വീഡിയോകള്‍ കണ്ടു.
മണിച്ചേട്ടന്റെ വീടിനു മുകളില്‍ നിന്നും അദൃശ്യനായ ഒരാള്‍ നോക്കുന്നു എന്നു പറഞ്ഞ് മറ്റൊരു വീഡിയോ. ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത് എന്ന് ആ വീഡിയോ കണ്ടാല്‍ മനസിലാകും. എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചാരണം നടത്തുകയാണ്. ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്ന് മാത്രമാണ് ഉദ്ദേശം.
മണിച്ചേട്ടന്‍ നാടന്‍പാട്ടുകള്‍ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനില്‍ നിന്നാണ് എന്നു കണ്ടു. മണിച്ചേട്ടന്‍ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാന്‍ പോയിട്ടില്ല. ചൂടപ്പം പോലെ വീഡിയോ വിറ്റഴിക്കാന്‍ അസത്യം വിളമ്പുകയാണ് ഇവര്‍. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. പ്രിയ നടന്റെ നാടും വീടും കാണാന്‍ വരുന്നുവര്‍ വരിക. പക്ഷേ അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്.