പാരീസ്: മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന നദിയായിരുന്നു പാരീസിലെ സെന്‍ നദി. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്‌കാരവും മുഖവുമായ സെന്‍ നദിക്ക് പക്ഷേ പറയാനുണ്ടായിരുന്നത് മാലിന്യം പേറുന്ന ദുരിതം മാത്രമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഒളിമ്പിക്‌സ് പ്രഖ്യാപിച്ചതോടെ സെന്‍ നദി വൃത്തിയാക്കുന്നതിന് സംഘാടകര്‍ തുനിഞ്ഞിറങ്ങുകയായിരുന്നു.
ഒളിമ്പിക്സിനു മുന്നോടിയായി നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാല്‍ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. നദി ക്ലീനാണെന്ന് തെളിയിക്കാന്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ ഒളിമ്പിക്‌സിനു മുമ്പ് നദിയില്‍ നീന്തുകയും ചെയ്തിരുന്നു. ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ടോണി എസ്റ്റാങ്വെയും മറ്റ് ഉദ്യോഗസ്ഥരും മേയര്‍ക്കൊപ്പം നീന്തിയിരുന്നു.
എന്നാല്‍ നദിയുടെ വൃത്തിയില്‍ വീണ്ടും സംശയം ജനിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒളിംപിക്‌സ് മത്സരത്തിനു മുന്നോടിയായി ട്രയാത്ത്‌ലണ്‍ അത്‌ലറ്റുകളുടെ ആദ്യ പരിശീലന സെഷന്‍ ഞായറാഴ്ച സംഘാടകര്‍ റദ്ദാക്കി. നദിയിലെ മലിനീകരണം കാരണമാണ് പരിശീലനം റദ്ദാക്കിയതെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
നദിയിലെ ജലത്തിന്റെ ഗുണനിലവാര പരിശോധനകള്‍ക്കു ശേഷം നടന്ന യോഗത്തിലാണ് പരിശീലനം റദ്ദാക്കാന്‍ തീരുമാനിച്ചത്. നേരത്തേ ജൂലായ് പകുതിയോടെ നടത്തിയ പരിശോധനകളില്‍ നദിയിലെ ജലം മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരുഷ, വനിതാ വിഭാഗത്തിന്റെ പത്ത് കിലോമീറ്റര്‍ മാരത്തണ്‍ നീന്തല്‍, 1500 മീറ്റര്‍ ട്രയാത്ത്‌ലണ്‍ എന്നിവ നടത്താന്‍ സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്നത് സെന്‍ നദിയാണ്.
അത്‌ലറ്റുകളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും സെന്‍ നദിയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ ജലത്തിന്റെ ഗുണനിലവാരം മത്സരങ്ങള്‍ നടത്തുന്നതിന് അനുയോജ്യമല്ലെന്നാണ് കാണിക്കുന്നതെന്നും അന്താരാഷ്ട്ര ട്രയാത്ത്‌ലണ്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയാണ് ജലത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണമായതെന്നും ജൂലായ് 30-ന് ട്രയാത്ത്‌ലണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ജലത്തിന്റെ ഗുണനിലവാരം വേണ്ടത്ര മെച്ചപ്പെടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും സംഘാടകര്‍ പ്രതികരിച്ചു.
പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കേണ്ട താരങ്ങളെ ഈ നദിയിലൂടെ ബോട്ടില്‍ കൊണ്ടുപോകുകയാണ് ചെയ്തത്. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെന്‍. ഇകോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതായിരുന്നു നദിയില്‍ നീന്തല്‍ വിലക്കാന്‍ കാരണം.