കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, മദ്യക്കുപ്പികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇയാളില്‍ നിന്ന് നേരത്തേയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും ഒരു ജയിലിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും. കൂടാതെ ജയിലില്‍ നിന്നും കണ്ടെത്തിയ സിം കാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചു വെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.