ലണ്ടൻ: പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൺ പിന്മാറിയതോടെ ഇന്ത്യൻ വംശജൻ റിഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണ് 57 പേരുടെ മാത്രംമ പിന്തുണയാണ് ലഭിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബോറിസ്ഏ ജോൺസൺ പിന്മാറിയതോടെ റിഷി സുനകും പെന്നി മോർഡൗൻഡും മാത്രമാണ് മത്സരിക്കാൻ സാധ്യത. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിക്കുള്ളത്. ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യൻ വംശജനാണ് റിഷി സുനക്.
ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് സുനക് അധികാരത്തിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോശവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിന്‍റെ രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.
അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു. ധനമന്ത്രി ക്വാസി കോർട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണൾ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യൻ വംശജയുമായ സുവല്ലെ വെർമനും സ്ഥാനം ഒഴിഞ്ഞു. താൻ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോൾ ലിസ്‍ ട്രസിന്‍റെ പ്രതികരണം. വിമർശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്‍റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം.
റിഷി സുനക്കിന് മുന്നിലും നിരവധി വെല്ലുവിളിയുണ്ട്. പ്രതിസന്ധി നേരിടുന്ന സാമ്പത്തിക രംഗത്തെ പഴയപടിയാക്കുക എന്നതാണ് പ്രധാനം. സാമ്പത്തിക പ്രശ്നത്തോടൊപ്പം റഷ്യ-യുക്രൈൻ യുദ്ധം, ഇന്ധനപ്രതിസന്ധി, കുടിയേറ്റ നയം എന്നിവയാണ് സുനകിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.