മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരിക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ബിസിസിഐ. അപകടത്തില്‍ താരത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ട്. വലത് കാല്‍മുട്ടിന്റെ ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതോടൊപ്പം താരത്തിന്റെ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കുണ്ട്.
പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ അറിയിച്ചു. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. നിലവില്‍ ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്.
പന്തിന് ഗുരുതരമായ പരിക്കുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാക്സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്‌നിക് മാധ്യമങ്ങളോട് പറഞ്ഞു. പന്തിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ദെഹ്റാദൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറുകയായിരുന്നു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപകടത്തിന് പിന്നാലെ നാട്ടുകാരില്‍ ചിലർ പന്തിനെ കൊള്ളയടിച്ചുവെന്ന പ്രചാരണം ഉണ്ടായി. അദ്ദേഹത്തിന്റെ പേഴ്‌സ് അടിച്ചുമാറ്റിയെന്നും പന്ത് സ്വയം ആംബുലന്‍സ് വിളിച്ചുവരുത്തുകയാണ് ഉണ്ടായതെന്നുമുള്ള പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്.
എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും. റോഡില്‍ കിടന്നിരുന്ന പണം പന്തിന് കൈമാറിയതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. ‘റോഡില്‍ പണം ചിതറി കിടന്നിരുന്നു. അത് ശേഖരിച്ച് പന്തിന്റെ കൈയില്‍ വെച്ചുകൊടുത്തു’, ബസ് ഡ്രൈവറായ സൂശീല്‍ എന്നയാളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സുശീലാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നാണ് വിവരം. റോഡിന്റെ എതിര്‍വശത്തുകൂടെ പോകവെ അപകടം കണ്ട് സുശീല്‍ ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതെന്നും പറയപ്പെടുന്നു.
‘ഞാന്‍ ഹരിയാണ റോഡ്‌വേയ്‌സിലെ പാനിപത് ഡിപ്പോയിലെ ഡ്രൈവറാണ്. പുലര്‍ച്ച 4.25ന് ഹരിദ്വാറില്‍ നിന്ന് പുറപ്പെട്ടതാണ് ഞങ്ങള്‍. പോകുന്ന വഴിയില്‍ അമിത വേഗതയിലെത്തിയ ഒരു കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിക്കുന്നത് കണ്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ എതിര്‍ദിശയിലെത്തിയിരുന്നു. ബസ് നിര്‍ത്തി ഞങ്ങള്‍ ഉടനെ കാറില്‍ നിന്ന് ആളെ പുറത്തിറക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. മറ്റു മൂന്ന് പേരും കൂടിചേര്‍ന്ന് കാറിലുണ്ടായിരുന്ന ആളെ സുരക്ഷിതമായ സ്ഥലത്തേക്കെത്തിച്ചു’, സുശീല്‍ പറഞ്ഞു.
‘സഹായത്തിനായി ഞങ്ങള്‍ അലറി വിളിച്ചെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല. ഹൈവേ പോലീസിനെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. കണ്ടക്ടര്‍ ആംബുലന്‍സിനായി വിളിച്ചു. ഇതിനിടെയും ഞങ്ങള്‍ അപകടത്തില്‍പ്പെട്ടയാളോട് കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. വെള്ളം വെണോയെന്നും ചോദിച്ചുകൊണ്ടിരുന്നു. താന്‍ ഋഷഭ് പന്താണെന്ന് കുറച്ച് സമയത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ ക്രിക്കറ്റ് കാണുന്നയാളല്ലാത്തതുകൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ കണ്ടക്ടര്‍ പറഞ്ഞു. ഇയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണെന്ന്’, സുശീല്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ കാണുമ്പോള്‍ പന്തിന്റെ മുഖത്ത് മുഴുവന്‍ രക്തമായിരുന്നു. പന്ത് അയാളുടെ അമ്മയുടെ നമ്പര്‍ തന്നു. തങ്ങള്‍ വിളിച്ചപ്പോള്‍ അവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കാറില്‍ വേറെയാരെങ്കിലും ഉണ്ടോ എന്ന് തിരക്കിയപ്പോള്‍ മറ്റാരുമില്ലെന്ന് മറുപടി കിട്ടി. ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കീറിയിരുന്നു. മുതുകില്‍ പോറലേറ്റിരുന്നു. മുഖത്ത് ഭയപ്പാടുണ്ടായിരുന്നുവെന്നും സുശീല്‍ പറഞ്ഞു.