മുംബൈ: പോലീസെന്ന് കേട്ടാലേ പേടിച്ച് ഓടുന്നവരെ കണ്ടിട്ടുണ്ടാകും. എന്നാല്‍, പൊലീസായാലും, അന്യായമായതെന്തും കണ്ടാല്‍ നെഞ്ചും വിരിച്ചുനിന്ന് ചോദ്യം ചെയ്യുന്ന, തരിമ്പും പേടിക്കാത്ത ഒരാളെ മുംബൈക്കാര്‍ കണ്ടു. അധികാരത്തിന് മുന്നില്‍ തല കുനിക്കാത്ത ചുണക്കുട്ടി. അതാണ് റിയ അഹിര്‍. മോഡലിങ്ങാണ് ജോലി. ജെന്‍സികളുടെ പ്രതിനിധി. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുമുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടെ, മുംബൈയില്‍ പോലീസിന്റെ വാന്‍ തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികളെ മോചിപ്പിച്ച ഈ 27-കാരി ഇപ്പോള്‍ പ്രതിഷേധങ്ങളുടെ പുതിയ പ്രതീകമായിരിക്കുകയാണ്.
ദാദറിലെ ശിവാജി പാര്‍ക്കിന് സമീപം കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുമായി പോയ പോലീസ് വാനാണ് റിയ ഒറ്റയ്ക്ക് തടഞ്ഞത്. വാനിന്റെ ബോണറ്റില്‍ കൈവെച്ച് മാറാതിരുന്ന റിയ, വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാന്‍ കൃത്യമായ ‘അറസ്റ്റ് മെമ്മോ’ ഉണ്ടോയെന്ന് പോലീസിനോട് ചോദിച്ചു. തുടര്‍ന്ന് വാഹനത്തിന് മുന്നില്‍ ഉറച്ച് നിന്ന റിയ, ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇതോടെ പ്രദേശവാസികളും യാത്രക്കാരും റിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഒടുവില്‍ കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിട്ടയയ്ക്കാന്‍ പോലീസ് നിര്‍ബന്ധിതരായി.
‘ഞാന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു, എന്റെ കൂട്ടുകാര്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. കുറച്ചകലെയുള്ള പ്രതിഷേധ സ്ഥലത്ത് നിന്ന് ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കാമായിരുന്നു. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു,’ റിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
പ്രതിഷേധ സ്ഥലത്തേക്ക് നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നിറച്ച ഒരു പോലീസ് വാന്‍ കണ്ടതായി റിയ പറഞ്ഞു. ‘ആ വാനില്‍ നിറയെ ആളുകളുണ്ടായിരുന്നു. പോലീസുകാര്‍ വരെ അതിന്റെ പടികളില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഉള്ളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു.’
‘കസ്റ്റഡിയിലെടുക്കാന്‍ അറസ്റ്റ് മെമ്മോ ഉണ്ടോ എന്ന് ഞാന്‍ പോലീസുകാരോട് ചോദിച്ചു. അവര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം,’ റിയ ഓര്‍മ്മിപ്പിച്ചു.
ആ നിമിഷത്തില്‍, പെട്ടെന്ന് ഞാന്‍ വാന്‍ തടയാന്‍ തീരുമാനിച്ചു. ‘എന്റെ ഉള്ളിലെ തോന്നല്‍ കാരണം ഞാന്‍ ചെന്ന് ആ വാനിന് മുന്നില്‍ നിലയുറപ്പിച്ചു. ആ വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ കൊണ്ടുപോകാന്‍ അനുവദിച്ചാല്‍, വിവരമുള്ള ഒരു പൗര എന്ന നിലയിലുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുമെന്ന് എനിക്ക് തോന്നി.’ ‘പോലീസിന്റെ ഭാഗത്താണ് തെറ്റെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് എനിക്കതിന് കഴിഞ്ഞത്. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം.’
ഒരു കൈ വാനിന്റെ ബോണറ്റില്‍ വെച്ച് അവര്‍ അവിടെ ഉറച്ചുനിന്നപ്പോള്‍, വഴിപോക്കരായ നിരവധി ആളുകളും അവര്‍ക്കൊപ്പം ചേരുകയും പിന്തുണയ്ക്കുകയും ചെയ്തു.
‘ഞാന്‍ അവിടെ നിന്ന് മാറാതെ ഉറച്ചുനില്‍ക്കുകയും ‘ഇങ്ക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. ‘ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക’ എന്നും ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു പൗര എന്ന നിലയിലുള്ള എന്റെ അവകാശവും സഹപൗരന്മാരോടുള്ള കടമയും മാത്രമാണ് ഞാന്‍ അവിടെ വിനിയോഗിച്ചത്.’
തന്റെ ധീരമായ പ്രവര്‍ത്തനം വൈറലായതിനെക്കുറിച്ച് സംസാരിക്കവേ, ജെന്‍സി എപ്പോഴും ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നു എന്ന് ആളുകള്‍ കുറ്റപ്പെടുത്താറുണ്ടെങ്കിലും, ‘തീര്‍ച്ചയായും സംഭവിക്കുന്നത് എന്താണെന്നതിന് തെളിവുണ്ടായിരിക്കാന്‍’ ഒരു ക്യാമറ ഫോണ്‍ കയ്യില്‍ കരുതേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അധികാരികളുടെ നടപടി വലിയ തെറ്റാണെന്നും റിയ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഈ പ്രതികരണം ‘ഗുരുതരമായ തെറ്റാണെന്ന്’ വിശേഷിപ്പിച്ച റിയ, വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പദവി ഒഴിയണമെന്നും ആവശ്യപ്പെട്ടു. ‘ആണ്‍കുട്ടിയായി സ്വന്തം തെറ്റ് അംഗീകരിക്കൂ, രാജി വെക്കൂ,’ – അവര്‍ മന്ത്രിയോട് പറഞ്ഞു.റിയയുടെ ധീരമായ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി സന്ദേശങ്ങളും ഫോണ്‍ കോളുകളുമാണ് അവരെ തേടിയെത്തുന്നത്. ഇത് വളരെ ‘വിനയപൂര്‍വ്വം സ്വീകരിക്കുന്നതിനൊപ്പം വലിയൊരു ഉത്തരവാദിത്തമായി തോന്നുന്നുവെന്നും റിയ പറഞ്ഞു.
English Summary
Amidst the escalating tension over the CJP-led NEET protests, a 27-year-old woman identified as Rhea Ahir has gone viral for her heroic act of single-handedly stopping a police van and freeing detained students in Mumbai. As the police attempted to drive away with the detained student protesters, Rhea fearlessly blocked the vehicle by placing her hands on the bonnet and chanting ‘Inquilab Zindabad.’ She aggressively questioned the officers, demanding to see the official arrest memos. Caught off guard by her defiant constitutional stance and with crowds building up, the Mumbai Police were forced to release the students and retreat, making Rhea the new face of resistance in the ongoing nationwide student agitation.


