കൊച്ചി: സിറോ മലബാര്‍ സഭയില്‍ പുതുക്കിയ കുര്‍ബാനരീതി ഈ മാസം 28 മുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കത്ത്. സഭയുടെ ഐക്യത്തിനായി എല്ലാവരും സിനഡ് നിര്‍ദേശം അനുസരിക്കണമെന്ന് കര്‍ദ്ദിനാള്‍ കത്തില്‍ ആഹ്വാനം ചെയ്യുന്നു.
ആരാധനക്രമ ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അടക്കം വിവിധ രൂപതകളില്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഐക്യത്തിന് ആഹ്വാനം ചെയ്ത് കര്‍ദ്ദിനാളിന്റെ കത്ത്. പുതുക്കിയ കുര്‍ബാനക്രമം ഈ മാസം 28 മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. സഭയുടെ ഐക്യത്തിനായി എല്ലാവരും സിനഡ് നിര്‍ദേശം അനുസരിക്കണം.
കുര്‍ബാന ഏകീകരണം സിനഡ് ആലോചിച്ചെടുത്ത തീരുമാനമാണ്. സിനഡ് തീരുമാനം പുനപരിശോധിക്കണമെന്ന വിമത വൈദികരുടെ ആവശ്യം തള്ളിയ മാര്‍ ആലഞ്ചേരി, ഇനി ഒരു ചര്‍ച്ചയ്ക്ക് അടിസ്ഥാനമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറ്റിവെച്ച് സിനഡ് തീരുമാനം നടപ്പാക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്യുന്നു.
ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ നേരത്തെ മാര്‍പ്പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. അതിന് പിന്നാലെയാണ് സഭയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് പുതുക്കിയ കുര്‍ബാന രീതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.