ന്യൂഡല്‍ഹി: ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബാധകമായ തൊഴിലുടമയുടെ എന്‍പിഎസ് വിഹിതത്തിനുള്ള നികുതിയിളവ് പരിധി വര്‍ധിപ്പിച്ചു. 10 ശതമാനത്തില്‍നിന്ന് 14 ശതമാനമാണ് വര്‍ധന. പുതിയ നികുതി സ്‌കീമില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ജീവനക്കാര്‍ അടയ്ക്കുന്ന വിഹിതത്തിന് അല്ല ഈ ഇളവ്.