തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ഈ മനോഭാവം മാറണമെന്നും റവന്യുമന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ റവന്യുമന്ത്രിയെ തന്നെ നേരിട്ടറിയിക്കാന്‍ നാല് നമ്പരുകളും നല്‍കി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴ ഇന്ന് അധികമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ 20 മുതല്‍ 24 വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യത്തിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ആളുകളെ മാറ്റിത്താമസിപ്പിക്കും. അതീവ ജാഗ്രത ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എവിടെയൊക്കെ ക്യാംപുകള്‍ തുറക്കേണ്ടി വരുമോ അതിനെല്ലാം സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ഇടമലയാര്‍ ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പി എന്‍ ബിജു പ്രതികരിച്ചു. പെരിയാറില്‍ പരമാവധി 40 സെ മീ ജലനിരപ്പ് ഉയരും. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്.
ഇന്നലെ ഷോളയാര്‍ ഡാം തുറന്നതിനുശേഷം മഴ അധികം പെയ്യാത്തിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ, ഇടമലയാര്‍ ഡാമുകളാണ് ഇന്ന് തുറന്നത്. രാവിലെ 11 മണിയോടെ ഇടുക്കി ഡാമും തുറക്കും. രാവിലെ 10.55ന് ആദ്യമുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായി. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറക്കുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കും.