കൂടത്തായി മോഡല്‍? ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച വീട്ടുകാരെ മുഴുവന്‍ വിഷം കൊടുത്ത് കൊന്ന 17കാരി അറസ്റ്റില്‍

ബംഗളൂരു: കൂലിപ്പണിയ്ക്ക് പോകാനുള്ള വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ 17 കാരി പിടിയില്‍. കൊലപാതകം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം.

ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ അവശനിലയിലായി മരിച്ചത്. എന്നാല്‍ മകന്‍ രാഹുലും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ കൂലിപ്പണിക്കാരിയാണ്. തന്റെ കൂടെ ജോലിയ്ക്ക് വരാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് അമ്മ പലഹാരമുണ്ടാക്കിയത്. ഭക്ഷണത്തില്‍ ആരോ വിഷം കലര്‍ത്തിയതാണ് മരണത്തിന് കാരണമെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേ സംശയം ഉയര്‍ന്നിരുന്നു. പിന്നീടാണ് അന്വേഷണം പെണ്‍കുട്ടിയിലേക്കും നീങ്ങിയത്.

സംഭവ ദിവസം കുട്ടി റാഗി പലഹാരം കഴിക്കാതിരുന്നതും സംശയത്തിന് വഴിയൊരുക്കി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റുള്ളവരെ പോലെ തന്നോടും കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുട്ടി വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ മരണപ്പെട്ട തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് പെണ്‍കുട്ടി വീട്ടുകാരെ മുഴുവന്‍ കൊലപ്പെടുത്തിയത്. തന്നോട് കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. നിരന്തരമായി ജോലിക്ക് പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്നും, പോകാതിരുന്നാല്‍ ഉപദ്രവിയ്ക്കുമെന്നും ശകാരിക്കുമെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News