റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയിരുന്ന വിരമിച്ച ഇന്ത്യന്‍ നേവി ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബല്‍രാജ് ദേശ്വാള്‍ (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ പൊഛന്പുരിലെ അപ്പാര്‍ട്ട്‌മെന്റിലെ താഴത്തെ നിലയിലെ പാര്‍ക്കിങ് വച്ചാണ് വെടിയേറ്റ് മരിച്ചത്.
പ്രതി പ്രദീപ് ഖോക്കര്‍ ഒളിവിലാണെന്ന് ഡെല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) (ദ്വാരക) സന്തോഷ് കുമാര്‍ മീന പറഞ്ഞു. കൊലപാതകം നടന്ന ഗെഹ്ലാന്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചത് ദേശ്വാളും അദ്ദേഹത്തിന്റെ മൂന്ന് ബിസിനസ്സ് പങ്കാളികളുമാണ്. ഖോക്കര്‍ ഒരു ഫ്‌ലാറ്റ് വാങ്ങി ഗെഹ്ലാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ 5 ലക്ഷം രൂപ ദേശ്വളിന് കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. പണമടയ്ക്കല്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, ”ഡിസിപി മീന പറഞ്ഞു.
രാത്രി എട്ടരയോടെയാണ് ദേശ്വളും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളിലൊരാളും കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് സംസാരിച്ചത്. ഇതിനിടയില്‍ ഒരു വ്യക്തിയുമായി ഫോണില്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഖോക്കര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്. താമസിയാതെ ഖോക്കര്‍ കോള്‍ കട്ട്‌ചെയ്യുകയും പ്രകോപനം കൂടാതെ ദേശ്വാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍, അദ്ദേഹം തോക്ക് എടുത്ത് ദേശ്വാളിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ദേശ്വാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഖോക്കര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഡിസിപി അറിയിച്ചു. ഹരിയാനയില്‍ അധ്യാപകനായി ഖോക്കറിന് ജോലി ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കുകയാണെന്നും ഡിസിപി മീന കൂട്ടിച്ചേര്‍ത്തു.