വയനാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് മുത്തങ്ങ അതിര്‍ത്തിവഴി വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിര്‍ദേശം.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം മുത്തങ്ങ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വരാനായി എത്തിയ പലരുടെ കൈയിലും അനുമതികളൊന്നും ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇതില്‍ പലരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനിയും അത് തുടരാനാകില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
അതിര്‍ത്തി കടക്കാനൊരുങ്ങുന്നവര്‍ ആറു കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
1.യാത്രക്കാര്‍ക്കും വണ്ടിക്കും കോവിഡ് ജാഗ്രതാ പാസില്ലാത്തവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
2. യാത്രക്കാരും വാഹനവും കോവിഡ് ജാഗ്രതയില്‍ റജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ടൈം സ്ലോട്ട് കഴിഞ്ഞു പോയെങ്കിലും തല്‍ക്കാലം കടത്തിവിടും
3. റജിസ്റ്റര്‍ ചെയ്തവര്‍ റജിസ്റ്റര്‍ ചെയ്യാത്ത വണ്ടിയില്‍ വന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് ടാക്‌സി സൗകര്യം ലഭിക്കും.
4. യാത്രക്കാര്‍ക്ക് പാസില്ലാതെ വണ്ടിക്കു മാത്രം റജിസ്‌ട്രേഷനുമായി വരുന്നവര്‍ തിരിച്ചു പോകേണ്ടി വരും.
5. റജിസ്റ്റര്‍ ചെയ്യാത്ത വണ്ടിയില്‍ പാസുള്ള കുറച്ചു പേരും പാസില്ലാത്ത കുറച്ചു പേരും വന്നാല്‍ പാസുള്ളവര്‍ക്ക് ടാക്‌സി ലഭിക്കും. മറ്റുള്ളവരെ വന്ന വണ്ടിയില്‍ തിരിച്ചയക്കും.
6.കോവിഡ് ജാഗ്രതയില്‍ റജിസ്റ്റര്‍ ചെയ്ത വണ്ടിയില്‍ റജിസ്റ്റര്‍ ചെയ്ത ആളുകള്‍ വരുമ്പോള്‍ പാസില്ലാത്തവരെ ഒപ്പം കൂട്ടിയാല്‍ മുഴുവന്‍ ആളുകളും വന്ന വാഹനത്തില്‍ തിരികെ പോകേണ്ടി വരും.