തിരുവനന്തപുരം: കൊവിഡ് (Covid) അടിസ്ഥാനത്തിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി. ജില്ലയിൽ എല്ലാ തരത്തിലുമുള്ള സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു. പൊതുയോഗങ്ങൾക്കോ, ചടങ്ങുകൾക്കോ ഇതിനകം നൽകിയിട്ടുള്ള അനുമതികൾ റദ്ദാക്കി. വിവാഹ മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടാനും കളക്ടർ ഉത്തരവിട്ടു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കൊവിഡ് രോഗികൾ നിലവിലുള്ളതിനാൽ തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ ഏതെങ്കിലും അധികാരി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നതായും ഉത്തരവിൽ പറയുന്നു.
വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനായും 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഫ്ലൈനായും നടത്താവുന്നതാണ്. ബഡ്സ് സ്കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്പെഷൽ സ്കൂളുകൾക്കും ഓഫ്ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ നിർദേശിക്കുന്നു. ജനുവരി 23, 30 തിയതികളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.
https://www.facebook.com/watch/?v=236910395289616
ജില്ലയിൽ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 205ൽ നിന്ന് 400 ആയി ഉയർത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഐ.സി.യു കിടക്കകളുടെ എണ്ണം നിലവിലെ 21ൽ നിന്ന് ഇരട്ടിയായി വർധിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിത്സ കുറയ്ക്കുന്നതിലൂടെ കൂടുതൽ വാർഡുകളെ കോവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാനും നിർദേശമുണ്ട്.
കാറ്റഗറി സി വിഭാഗത്തിൽപെടുന്ന ഗുരുതര സാഹചര്യത്തിലുള്ള കോവിഡ് രോഗികൾക്കായി പ്രത്യേക ഒ.പി സജ്ജീകരിക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രവേശനം നൽകാനുമാണ് നിർദേശം. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ കാറ്റഗറി ബി രോഗികളെ സി.എസ്.എൽ.ടി.സികളിലേക്കും കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികളെ ഹോം ഐസൊലേഷനിലേക്കും മാറ്റണം. റഫറൽ കേന്ദ്രങ്ങളിൽ പ്രവേശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. മെഡിക്കൽ കേളേജിലെ കാറ്റഗറി ബി രോഗികൾക്കുള്ള റഫറൽ കേന്ദ്രമായി പേരൂർക്കട സർക്കാർ ഇ.എസ്.ഐ ആശുപത്രി പ്രവർത്തിക്കും.
നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരഘട്ടങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കായി പുനർവിന്യസിക്കണം. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധിക ജീവനക്കാരുടെ സേവനം ലഭ്യമാകുന്നതുവരെ മെഡിക്കൽ കോളേജ് ജീവനക്കാരെ അടിയന്തരഘട്ടങ്ങളിൽ വിന്യാസിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു.
അഡ്മിനിസ്ട്രേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെയും ഡാറ്റ അപ്ഡേഷന്റേയും ചുമതലയുള്ള നോഡൽ ഓഫീസർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കണമെന്നും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.