കൊച്ചി:ലക്ഷദ്വീപിലെ സഞ്ചാരസ്വാതന്ത്ര്യമടക്കം തടയുന്നതരത്തിൽ കടുത്ത നടപടികളുമായി ദ്വീപ് ഭരണകൂടം. കപ്പൽയാത്ര ദുസ്സഹമാകുന്ന രീതിയിൽ അതിജാഗ്രത നിർദേശമായ സെക്യൂരിറ്റി ലെവൽ രണ്ട് പുറപ്പെടുവിച്ചു. അടിയന്തരഘട്ടത്തിൽ രോഗികളെ കൊച്ചിയിലേക്കുൾപ്പടെ എയർ ആംബുലൻസിൽ മാറ്റാൻ രേഖാമൂലമുള്ള അനുമതിവേണമെന്ന ഉത്തരവിറങ്ങി. കല്പേനിയിലെ പുതിയ ആശുപത്രിയുടേതടക്കം ദ്വീപുകളിലെ എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെക്കാനും തീരുമാനിച്ചു.
സെക്യൂരിറ്റി ലെവൽ രണ്ട്
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് അതിജാഗ്രത നിർദേശമായ സെക്യൂരിറ്റി ലെവൽ രണ്ട് പുറപ്പെടുവിച്ചത്. സംശയകരമായ എന്തും റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവ്. ദ്വീപുകളിലും കപ്പലുകളിലുമുൾപ്പടെ എല്ലാ പ്രവേശനകവാടങ്ങളിലും 24 മണിക്കൂറും കർശന സുരക്ഷാപരിശോധന നടത്തും. കേരളത്തിൽനിന്നും എം.പി.മാരുൾപ്പടെയുള്ള രാഷ്ട്രീയകക്ഷി നേതാക്കൾ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർദേശം.
എയർ ആംബുലൻസിന് രേഖ
എയർ ആംബുലൻസിന് ഇനി മെഡിക്കൽ ഓഫീസറുടെ രേഖാമൂലമുള്ള അറിയിപ്പുണ്ടാകണം. ഇത് മെഡിക്കൽ ഡയറക്ടറടക്കമുള്ള നാലംഗസമതിക്ക് ഇ-മെയിൽ അയച്ച് അവർ അംഗീകരിക്കണം. പുതിയ ഉത്തരവോടെ അത്യാസന്നനിലയിലുള്ള രോഗിയെപ്പോലും ആശുപത്രിയിലേക്ക് മാറ്റാൻ ചുരുങ്ങിയത് ആറുമണിക്കൂറിലധികം കാത്തിരിക്കേണ്ടിവരും.
ആശുപത്രിക്കും നിർമാണവിലക്ക്
ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിർമാണങ്ങൾ തടഞ്ഞാണ് പൊതുമരാമത്ത് വകുപ്പിന് ഭരണകൂടം ഉത്തരവ് നൽകിയത്. കല്പേനിയിലെ 50 കിടക്കകളിലധികമുള്ള ആശുപത്രിയുടെ നിർമാണം ഇതോടെ നിലച്ചു. ദ്വീപിലെ നിർമാണപ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൽനിന്നും ഇനി സാമഗ്രികൾ നൽകില്ല. കരാർ ഏറ്റെടുക്കുന്നവർ മുഴുവൻ തുകയും ചെലവാക്കി നിർമാണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.
കളക്ടർ രാഷ്ട്രീയദല്ലാളാകരുത്
അഡ്മിനിസ്ട്രേറ്റർക്കും കളക്ടർക്കുമെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് മൂന്ന് പ്രമേയങ്ങൾ ഐകകണ്ഠ്യേന പാസാക്കി. പത്രസമ്മേളത്തിൽ കിൽത്താൻ ദ്വീപുകാരെ അപമാനിച്ച കളക്ടർ അസ്കർ അലിയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയമേലാളന്മാർക്ക് ദല്ലാൾപ്പണി ചെയ്യരുതെന്നും ഐ.എ.എസിന്റെ മാന്യത കൈവിടരുതെന്നും കളക്ടറോട് ആവശ്യപ്പെട്ടു. ദ്വീപുവാസികൾക്കെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, സുപ്രീകോടതി സമിതിയുടെ നിർദേശപ്രകാരം അതത് ദ്വീപുകളിലെ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുമായി ആലോചിച്ചു മാത്രം പരിഷ്കാരങ്ങൾ നടപ്പാക്കുക, വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കുക തുടങ്ങിയവയാണ് പ്രമേയത്തിലെ ആവശ്യം