തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തിരുവനന്തപുരം ജില്ലയിലെ ബിജെപി മണ്ഡലം കമ്മിറ്റികളിൽ അഴിച്ചുപണി. ജില്ലാ നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കുന്ന തിരുവനന്തപുരം, പാറശാല, വർക്കല മണ്ഡലം കമ്മിറ്റികളിലാണ് മാറ്റം. ഇതിൽ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്.
ബിജെപി ഏറ്റവും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന തലസ്ഥാന ജില്ലയിൽ ആഭ്യന്തര പ്രശ്നങ്ങളാണ് പ്രധാന തലവേദന. വി.മുരളീധരൻ പക്ഷം തന്നെ ഇവിടെ രണ്ട് തട്ടിലാണ്. തർക്കം രൂക്ഷമായതോടെയാണ് മണ്ഡലം കമ്മിറ്റികളിലെ അഴിച്ചുപണിക്ക് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിലെ കുറ്റം കീഴ്ഘടകങ്ങൾക്ക് മേലാണ് ജില്ലാ നേതൃത്വം ചാര്‍ത്തുന്നത്.
നേമം മാറ്റിനിർത്തിയാൽ വട്ടിയൂർക്കാവിലും, കഴക്കൂട്ടത്തും, തിരുവനന്തപുരം മണ്ഡലത്തിലും മുന്നിലെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യപടിയായി നടപടി എടുത്തത് തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയിലാണ്. എസ്കെപി രമേശ് അദ്ധ്യക്ഷനായ മണ്ഡലം കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചുവിട്ടാണ് പുതിയ നിരയെ കൊണ്ടുവരാൻ ജില്ലാ നേതൃത്വം തയ്യാറെടുക്കുന്നത്.
കരമന ജയന് ചുമതലയുണ്ടായിരുന്ന പാറശാല മണ്ഡലം കമ്മിറ്റിയിലും മാറ്റമുണ്ട്. ജില്ലാ നേതൃത്വവുമായി തർക്കം രൂക്ഷമായതോടെ പ്രസിഡന്‍റ് ഇഞ്ചിവിള അനിൽ രാജിക്കത്ത് നൽകി. വർക്കല മണ്ഡലം സെക്രട്ടറി അജിലാലും തർക്കത്തിന് പിന്നാലെ രാജിവച്ചു. പാറശാലയിലും വർക്കലയിലും വോട്ടു വർദ്ധിപ്പിച്ച് മികച്ച പ്രകടനമാണ് മണ്ഡലം കമ്മിറ്റി കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ നടത്തുന്ന മാറ്റങ്ങൾ ദോഷം ചെയ്യുമെന്ന അഭിപ്രായങ്ങളും പാർട്ടിക്കുള്ളിൽ ശക്തമാണ്. അഴിച്ചുപണി വിവാദമാകുമ്പോൾ സ്വാഭാവികമായ സംഘടനാ ക്രമീകരണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.