മുംബൈ: പ്രണയത്തെ കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയതിന് പിന്നാലെ നടി രശ്മികയ്ക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങൾ വൈറൽ. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്യുടെയും രശ്മികയുടെയും ചിത്രമാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുന്ന വിജയ് ദേവരകൊണ്ടെയുടെ വിഡി 12 എന്ന ചിത്രത്തിന്റെ ഇടവേളയിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നും ദീപാവലിയടക്കം രശ്മിക ആഘോഷിച്ചത് വിജയുടെ വീട്ടിൽ വച്ചാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ വിജയ് ദേവരകൊണ്ട തുറന്നു പറഞ്ഞിരുന്നു. താൻ ഇപ്പോൾ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. എനിക്ക് 35 വയസായി. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഡേറ്റിന് പോകാറില്ല. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് ഞാൻ ഡേറ്റിന് പോകാറുള്ളത്.
സ്നേഹിക്കപ്പെടുമ്പോൾ അത് എന്താണെന്ന് എനിക്കറിയാം. എനിക്ക് നിരുപാധികമായ സ്നേഹം അറിയില്ല. കാരണം എന്റെ സ്നേഹം പ്രതീക്ഷകളോടെയാണ് വരുന്നത്. അതിനാൽ വ്യക്തമായും എന്റെ സ്നേഹം നിരുപാധികമല്ലെന്ന് തോന്നുന്നു.നിരുപാധികമായ സ്നേഹം പ്രതീക്ഷിക്കുന്നത് ശരിയാണോയെന്ന് പോലും എനിക്കറിയില്ല. വിവാഹം ഒരാളുടെ കരിയറിനിടയിൽ വരേണ്ടതില്ല. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അത് നിങ്ങൾ ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിജയ് പറഞ്ഞു.