വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം; തീയതിയും വിവാഹവേദിയും തീരുമാനിച്ചു, തയ്യാറെടുപ്പുകൾ ഇങ്ങനെ ‌

ഹൈദരാബാദ്: അഭിനേതാക്കളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം കരുതിയതിനേക്കാൾ നേരത്തെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്.  2026-ൽ പ്രിയതാരങ്ങൾ ജീവിതത്തിലെ ആ സുപ്രധാന ചുവടുവെപ്പിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് വിജയ് ദേവരകൊണ്ടയുടെ ടീമംഗങ്ങളിലൊരാൾ ഒക്ടോബറിൽ വിവാഹ നിശ്ചയ സമയത്ത് തങ്ങളോട് പറഞ്ഞിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ താരങ്ങളുമായി ബന്ധപ്പെട്ട മറ്റൊരാൾ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. രശ്മികയുടെയും വിജയ് യുടേയും വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തെ പോലെ അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും മാത്രം ഉൾപെടുത്തിയുള്ള സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. വിവാഹ ശേഷം പാർട്ടി സംഘടിപ്പിക്കുമോ എന്ന് വ്യക്തമല്ല.

2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹ നിശ്ചയം. താരങ്ങളാരും തന്നെ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാൽ രശ്മികയുടെ കയ്യിലെ വിവാഹ മോതിരം പിന്നീട് വാർത്തയായി. അടുത്തിടെ രശ്മികയുടെ ദി ഗേൾഫ്രണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിജയ് ദേവരകൊണ്ടയുടെ സജീവ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ നിശ്ചയശേഷം ചില പൊതുചടങ്ങുകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 

വിജയുമായി താൻ അടുപ്പത്തിലാണെന്ന് മുമ്പ് പല വേദികളിലും രശ്മിക പരോക്ഷമായ സൂചനകൾ നൽകിയിട്ടുമുണ്ട്. 2018-ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം, 2019-ൽ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും ചലച്ചിത്രാസ്വാദകരുടെ പ്രിയജോഡികളായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News