കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി രേഷ്മയുടെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു. മറ്റൊരു കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന അനന്തു പ്രസാദ് എന്ന യുവാവുമായി രേഷ്മയ്ക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് പോലീസ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചു.
അതേസമയം, ദുരൂഹത വിട്ടൊഴിയാത്ത കേസില്‍ രേഷ്മയ്ക്ക് ഒന്നിലധികം പേരുമായി അടുപ്പമുണ്ടായിരുന്നതായാണ് ഇപ്പോള്‍ അന്വേഷണസംഘം സംശയിക്കുന്നത്. അനന്തു എന്ന പേരില്‍ ആര്യയും ഗ്രീഷ്മയും രേഷ്മയെ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് മാത്രമല്ല, വര്‍ക്കല സ്വദേശിയായ മറ്റൊരു അനന്തുവുമായി രേഷ്മയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ക്വട്ടേഷന്‍ കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അനന്തു പ്രസാദ് എന്ന പ്രതിയാണിത്.
ജയിലിലാകുന്നതിനു മുന്‍പു വരെ ബിലാല്‍ എന്ന പേരിലാണു അനന്തുപ്രസാദ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. അതേസമയം, അനന്തുവുമായി കുറച്ചുനാള്‍ സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ പോലീസിന് മൊഴി നല്‍കിയത്.
അങ്ങനെയാണെങ്കില്‍ അനന്തുവുമായുള്ള രേഷ്മയുടെ അടുപ്പം ആര്യയും ഗ്രീഷ്മയും അറിയുകയും രേഷ്മയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജഐഡി ഉണ്ടാക്കിയതുമാകാം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. രേഷ്മയുമായുളള സൗഹൃദത്തില്‍ വ്യക്തതവരുത്താന്‍ ജയിലില്‍ കഴിയുന്ന അനന്തു പ്രസാദില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും.