കോട്ടയം: കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അതേസമയം, കൊക്കയാറില്‍ എട്ടു പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഏഴ് വീടുകള്‍ ഇവിടെ പൂര്‍ണമായും തകര്‍ന്നു. ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
മുണ്ടക്കയം കാവാലിയില്‍ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ശനിയാഴ്ചയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വട്ടാളകുന്നേല്‍ വീട്ടിലെ ആറു പേരെ കാണാതായത്. ഇതില്‍ ക്ലാരമ്മ, മരുമകള്‍ സിനി, മകള്‍ സോന എന്നിവരെ കണ്ടെത്തിയിരുന്നു. ഇനി സ്നേഹയെ കൂടി കണ്ടത്തേണ്ടതുണ്ട്. മാര്‍ട്ടിന്റെ മൃതദേഹം കാവാലിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നുമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ മാര്‍ട്ടിന്റെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.
കൂട്ടിക്കലും പരിസര മേഖലയിലും ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന് പഠനം. കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. പീരുമേടിനു താഴെയുള്ള മേഖലയിലാണ് ശനിയാഴ്ച രാവിലെ മേഘവിസ്ഫോടനം ഉണ്ടായത്. മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയാണ് പെയ്തത്.
അതേസമയം, സര്‍വനാശം വിതച്ച് കോട്ടയം ജില്ലയിലെ കൂട്ടിക്കലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇളംകാട് സ്വദേശിയായ ഓലിക്കല്‍ ഷാലറ്റ്(29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്നു ഷാലറ്റ്. ഇതോടെ കൂട്ടിക്കല്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം നാലായി.