ന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാറിന് വേണ്ടി തയ്യാറാക്കുന്ന പൊതുവ്യക്തിനിയമത്തിന്റെ കരട് ബില്ല് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ബില്ലിന്റെ കരട് തയ്യാറാക്കുന്നത്. ഇതിനിടയിൽ ദേശിയ തലത്തിൽ പൊതുവ്യക്തിനിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവർ കൂടിക്കാഴ്ച്ച നടത്തി.
പതിമൂന്ന് മാസം നീണ്ടു നിന്ന വിവിധ ചർച്ചകൾ, കൂടിയാലോചനകൾ, ഫീൽഡ് വിസിറ്റുകൾ എന്നിവയ്ക്ക് ശേഷമാണ് പൊതുവ്യക്തിനിയമത്തിന്റെ കരട് ബില്ല് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കിയത്. കരട് ബില്ല് ഉടൻ പ്രിന്റിങ്ങിനായി അയക്കും. ബില്ലിന്റെ കരട് ലഭിച്ചാലുടൻ പൊതുവ്യക്തിനിയമം നടപ്പാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ധാമി അറിയിച്ചിട്ടുണ്ട്.
പൊതുവ്യക്തിനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തലത്തിലും കൂടിയാലോചനകൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമ മന്ത്രി അർജുൻ റാം മേഘ്വാളുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ കേന്ദ്ര നിയമ സെക്രട്ടറി ഡോ. നിതേൻ ചന്ദ്രയും പങ്കെടുത്തു.
പൊതു സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതി ഉത്തരാഖണ്ഡ് സർക്കാറിന് വേണ്ടി തയ്യാറാക്കുന്ന റിപ്പോർട്ടും വിശദമായി പരിശോധിക്കാൻ യോഗത്തിൽ ധാരണയായി. ജൂലൈ അവസാനത്തോടെ കേന്ദ്ര നിയമ കമ്മീഷനും തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുമെന്നാണ് സൂചന.
പൊതുവ്യക്തിനിയമം അനുകൂലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ രംഗത്ത്. വിവിധ മത വിഭാഗങ്ങൾക്ക് വ്യത്യസ്ത വ്യക്തി നിയമങ്ങളാണെന്നും വിശ്വാസം, ആചാരം, ജാതി തുടങ്ങിയവയ്ക്ക് ഇതിൽ സ്വാധീനം ഉണ്ടെന്നും ശിരോമണി അകാലി ദളിന്റെ വക്താവ് ദൽജിത് സിംഗ് ചീമ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമൂഹിക ഘടനയും, നാനാത്വത്തിൽ ഏകത്വവും സംരക്ഷിക്കുന്നതിന് വ്യത്യസ്ത വ്യക്തി നിയമങ്ങൾ സംരക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവ്യക്തിനിയമത്തിനെ അനുകൂലിച്ചതിലൂടെ ആം ആദ്മി പാർട്ടി തങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ നിലപാട് തുറന്ന് കാണിച്ചിരിക്കുകയാണെന്നും ദൽജിത് സിങ് ചീമ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യം പുനഃസ്ഥാപിക്കാൻ ബിജെപി ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പൊതുവ്യക്തിനിയമം വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശിരോമണി അകാലി ദൾ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഉടനടി പരസ്യമായി പിന്തുണയ്ക്കാൻ ബിജെപിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയും തയ്യാറായില്ല. നിലപാട് പാർട്ടി അധ്യക്ഷൻ എടപാടി പളനിസാമി പിന്നീട് അറിയിക്കുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. പൊതുവ്യക്തിനിയമത്തിനെ പിന്തുണയ്ക്കുകയോ, എതിർക്കുകയോ ചെയ്യുന്നില്ലെന്ന് എൻസിപി വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിടുക്കത്തിൽ നടപടികൾ സ്വീകരിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.