FootballNewsSports

റൊണാള്‍ഡോയ്ക്ക് പകരക്കാരനായി വന്നു ; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്

ദോഹ: ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. പറങ്കിനാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ചതാരത്തെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തിരുത്തിയപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നു. പകരമെത്തിയത് അധികമാരും അറിയാത്ത ഗോണ്‍സാലോ റാമോസ്. 

ഘാനയ്‌ക്കെതിരെ എണ്‍പത്തിയെട്ടാം മിനിറ്റിലും ഉറുഗ്വേയ്‌ക്കെതിരെ എണ്‍പത്തിരണ്ടാം പകരക്കാരനായി കളിത്തിലിറങ്ങിയ ഇരുപത്തിയൊന്നുകാരന്‍. കൊറിയക്കെതിരായ തോല്‍വിക്ക് ശേഷം റൊണാള്‍ഡോ കോച്ച് സാന്റോസിനോട് ഇടഞ്ഞപ്പോഴാണ് റാമോസിന്‍റെ സമയം തെളിഞ്ഞു. മുപ്പത്തിമൂന്ന് മിനിറ്റിന്റെ അന്താരാഷ്ട്ര മത്സരപരിചയവുമായി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആദ്യഇലവനില്‍ ഇറങ്ങിയപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് മറുപടി പതിനേഴാം മിനിറ്റില്‍, അസാധ്യ ആംഗിളില്‍ നിന്നൊരു മിന്നല്‍പ്പിണര്‍.

അന്‍പത്തിയൊന്നാം മിനിറ്റില്‍ വീണ്ടും. അറുപത്തിയേഴാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കും റാമോസിന്റെ പേരില്‍ കുറിക്കപ്പെട്ടു. നിസാരക്കാരനനല്ല റാമോസ്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സിയും നെയ്മറും എംബാപ്പേയുള്ള ടീമിലേക്ക് പി എസ് ജി നോട്ടമിട്ട താരം. ഈ സീസണില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്ക്കായി 21 കളിയില്‍ പതിനാല് ഗോള്‍ നേടിയ സ്‌ട്രൈക്കര്‍. ലോകകപ്പ് കഴിയുന്നതോടെ താരത്തിന് പിന്നാലെ ആവശ്യക്കാരേറും എന്നാണ് കണക്കുകൂട്ടല്‍.

റൊണാള്‍ഡോയ്ക്ക് പകരം കോച്ച് സാന്റോസ് കളത്തിലേക്കിറക്കിവിട്ടപ്പോള്‍ നോക്കൌട്ട് റൗണ്ടില്‍ പെലെയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് റാമോസ് തിരിച്ചുകയറിയത്. പെപെ, റാഫേല്‍ ഗ്യൂറൈറോ, റാഫോല്‍ ലിയോ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. മാനുവല്‍ അകാന്‍ജിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍. ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെ മറികടന്നെത്തിയ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button