ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) അന്തരിച്ചു. ഒരു പക്കവാദ്യം എന്നതിനപ്പുറം വാദനത്തിന്റെ അനുപമ തലങ്ങളിലൂടെ മൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം.ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി കർണാടക സംഗീതത്തിലെ നിരവധി പ്രമുഖർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. തനിയാവർത്തനം കച്ചേരിയും താള സംഗീത നൃത്ത സമന്വയവും അടക്കമുള്ള പരീക്ഷണങ്ങൾ നടത്തി. കാരൈക്കുടി മണി ബാണി എന്നറിയപ്പെടുന്ന ശൈലി രൂപപ്പെടുത്തി. ലയമണി ലയം എന്ന സംഗീത പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.
1945 സെപ്റ്റംബര്‍ 11 ന് കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായാണ് ഗണപതി സുബ്രഹ്മണ്യം എന്ന മണിയുെട ജനനം. രണ്ടു വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങി. അച്ഛനായിരുന്നു പ്രചോദനം. പിന്നാലെ തകിലും നാഗസ്വരവും പഠിച്ചു. മണിയുടെ പ്രതിഭ മൃദംഗവാദനത്തിലാണെന്നു തിരിച്ചറിഞ്ഞ അച്ഛൻ കാരൈക്കുടി രഘു അയ്യങ്കാറിന്റെയടുത്ത് മണിയെ മൃദംഗ പഠനത്തിനു ചേർത്തു.
കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃദംഗം വായിച്ചാണ് അരങ്ങേറിയത്. മൃദംഗ കുലപതി പാലക്കാട് മണി അയ്യരുടെ ആരാധകനായിരുന്നു മണി. ടി.ആര്‍.ഹരിഹര ശര്‍മ, കെ.എം.വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസ്സില്‍ ചെന്നൈയിലേക്കു മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞരുടെ കച്ചേരികൾക്കു മൃദംഗം വായിച്ചു തുടങ്ങി.
മൃദംഗവാദനത്തിൽ മണി നടത്തിയ പരീക്ഷണങ്ങൾ വാദ്യസംഗീതത്തിന്റെ അസാധ്യസുന്ദരമായ തലങ്ങളാണ് ആസ്വാദകർക്കു സമ്മാനിച്ചത്. താളവാദ്യങ്ങളും തന്ത്രിവാദ്യങ്ങളും സമന്വയിപ്പിച്ച് ശ്രുതിലയ എന്ന പേരില്‍ 1986 ൽ മണി തുടക്കമിട്ട ലയവിന്യാസ കച്ചേരി ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകപ്രശസ്തരായ പല പ്രതിഭകളും അതിന്റെ ഭാഗമായി. ചാലക്കുടി, ചെന്നൈ, ബെംഗളൂരു, ഓസ്ട്രേലിയ, ലണ്ടന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ശ്രുതിലയ സേവ സ്‌കൂള്‍ ആരംഭിച്ചു.
വോക്കലും മറ്റു സംഗീതോപകരണങ്ങളും ഇല്ലാതെ മൃദംഗവും മറ്റു താളവാദ്യങ്ങളും മാത്രം ഉള്‍പ്പെടുത്തി തനിയാവര്‍ത്തനം കച്ചേരി രൂപപ്പെടുത്തി. മൃദംഗവാദനത്തെ ശാസ്‌ത്രീയ നൃത്തവുമായി സമന്വയിപ്പിച്ച്, അനന്തരവളും പ്രശസ്‌ത ഭരതനാട്യ കലാകാരിയുമായ രാജേശ്വരി സായിനാഥിനൊപ്പം താള സംഗീത നൃത്ത സമന്വയം അവതരിപ്പിച്ചതും കാരൈക്കുടി മണിയാണ്.
പതിനെട്ടാം വയസ്സിലാണ് അന്നത്തെ രാഷ്ട്രപതി ഡോ.രാധാകൃഷ്‌ണന്റെ പക്കല്‍നിന്നു ദേശിയ പുരസ്‌കാരം സ്വീകരിച്ചത്. 1998 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.
വളരെ ചെറുപ്പത്തില്‍ എം.എസ്.സുബ്ബലക്ഷ്മി, ഡി.കെ.പട്ടമ്മാള്‍, എം.എല്‍.വസന്തകുമാരി എന്നീ പ്രശസ്‌ത സംഗീതജ്ഞകൾക്കൊപ്പം മണി മൃദംഗം വായിച്ചിട്ടുണ്ട് എന്നാല്‍ 1976 ല്‍, ഇനി മുതല്‍ സംഗീതജ്ഞകൾക്കൊപ്പം മൃദംഗം വായിക്കില്ല എന്നു മണി തീരുമാനിച്ചിരുന്നു.
വിശ്വപ്രസിദ്ധരായ പല സംഗീതജ്ഞർക്കൊപ്പവും മണി മൃദംഗം വായിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ആര്‍ട്‌സ് ഓര്‍ക്കസ്‌ട്രയിലെ പ്രശസ്‌ത സംഗീതജ്ഞന്‍ പോള്‍ ഗ്രോബോസ്‌കി, ഫിന്നിഷ് സംഗീതജ്ഞന്‍ ഇറോ ഹമിനിമി, ഇറ്റലിയിലെ ലിവിയോ മഗ്നിനി, അമേരിക്കയിലെ പോള്‍ സിമണ്‍ എന്നിവര്‍ക്കൊപ്പം നിരവധി ആല്‍ബങ്ങൾക്കു വേണ്ടി കാരൈക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്. മണിയോടുള്ള ആദരസൂചകമായി ഇറോ ഹമിനിമി അദ്ദേഹത്തിന്റെ നാല് കോമ്പോസിഷനുകള്‍ക്ക് മണിയുടെ പേര് നൽകിയിട്ടുണ്ട്.