വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലും വിജയിക്കാനാകാതെ കേരളം. അവസാന ദിനമായ തിങ്കളാഴ്ച ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ആന്ധ്രാപ്രദേശ് കേരളത്തെ സമനിലയില്‍ തളച്ചു. ഒരു വിക്കറ്റ് അകലെ വിജയം കൈവിട്ടതോടെ കേരളം നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി.
ഒന്നാം ഇന്നിങ്‌സില്‍ ആന്ധ്ര 272 റണ്‍സാണ് നേടിയത്. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ കേരളം ഏഴിന് 514 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ ലീഡ് കേരളം സ്വന്തമാക്കുകയും ചെയ്തു.
അക്ഷയ് ചന്ദ്രന്‍ (184), സച്ചിന്‍ ബേബി (113) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് രണ്ടാം ഇന്നിംങ്‌സ് ആരംഭിച്ച ആന്ധ്ര ഒമ്പതിന് 189 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിച്ചു. ബേസില്‍ തമ്പി, ബേസില്‍ എന്‍ പി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നാലാം ദിനം 19-1 എന്ന സ്കോറിൽ നിന്നാണ് ആന്ധ്ര ബാറ്റിംഗ് പുനരാരംഭിച്ചത്. 13 റൺസെടുത്ത മഹീപ് കുമാറിനെയും ഒരു റൺസെടുത്ത ക്യാപ്റ്റന്‍ റിക്കി ബൂയിയുടെയും വിക്കറ്റുകൾ രാവിലെ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന് ആന്ധ്ര തകർന്നിരുന്നു. പിന്നാലെ 72 റണ്‍സുമായി അശ്വിന്‍ ഹെബ്ബാർ, 26 റൺസുമായി കരണ്‍ ഷിന്‍ഡെയും പൊരുതി നോക്കി. എങ്കിലും ഇരുവരെയും കേരളാ താരങ്ങൾ വീഴ്ത്തി.
അവസാനക്കാരനായി എത്തിയ ഷെയ്ഖ് റഷീദിനെ (36) ബേസില്‍ തമ്പി ബൗള്‍ഡാക്കി. ഇതോടെ ആന്ധ്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലായി. എന്നാല്‍ ഷോയ്ബ് മുഹമ്മദ് ഖാന്‍ (93 പന്തില്‍ 11) ഒരറ്റത്ത് ഉറച്ചുനിന്നതോടെ ആന്ധ്ര സമനില പിടിച്ചുവാങ്ങി. ഗിരിനാഥ് റെഡ്ഡി (0), മനീഷ് ഗോല്‍മാരു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.