തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15- അംഗ സ്‌ക്വാഡിനെ വെള്ളിയാഴ്ചയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. മുഹമ്മദ് അസ്സറുദ്ദീനാണ് നായകന്‍. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്.
തമിഴ്‌നാട് താരം ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന് പുറമെ രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്തു പകരും. പ്രധാന ഓള്‍റൗണ്ടര്‍മാരായി വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍ എന്നിവരുണ്ട്. ബേസില്‍ എന്‍.പി, നിധീഷ് എം.ഡി. എന്നിവരാണ് പേസ് അറ്റാക്കിങ്ങിനെ നയിക്കുന്നത്. യുവതാരങ്ങളായ ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍ എന്നിവരും ടീമിലുണ്ട്.
സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അഭിഷേക് പി നായര്‍ എന്നിവരും ടീമിലിടം നേടി. അതേസമയം കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന അടുത്തിടെ ടീം വിട്ടിരുന്നു. താരം മഹാരാഷ്ട്രയിലേക്കാണ് കൂടുമാറിയത്. രഞ്ജി ട്രോഫിക്കുള്ള മഹാരാഷ്ട്ര ടീമില്‍ സക്സേന ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ രഞ്ജി ഫൈനലിലെത്തിയ കേരള ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജലജ്. 2016 മുതല്‍ കേരളത്തിനായി കളിച്ചുതുടങ്ങിയ താരം 2215 റണ്‍സും 269 വിക്കറ്റുമെടുത്തു. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയുമുണ്ട്.
ഒക്ടോബര്‍ 15-നാണ് രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയ്ക്കെതിരെയാണ് മത്സരം.
മുഹമ്മദ് അസ്സറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.


