ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് ഈ ആവശ്യം അറിയിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് സംഭവത്തില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചത്. ഏതാനും ദിവസം മഴ പെയ്താല്‍ അണക്കെട്ടിലെ ജലനിരപ്പ് പൊടുന്നനെ ഉയരുന്ന സാഹചര്യവും കേരളം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥയിലെയും മഴയിലെയും മാറ്റങ്ങള്‍ പരിഗണിച്ചുവേണം റൂള്‍ കര്‍വ് നിശ്ചയിക്കാനെന്നും കേരളം ആവശ്യപ്പെട്ടു.
ഇതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചര്‍ച്ച ഡിസംബറില്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള മന്ത്രിമാര്‍ അറിഞ്ഞാണ് ഉത്തരവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുഗന്‍ പറഞ്ഞിട്ടില്ല. മരമുറിക്കല്‍ ഉത്തരവ് നിയമവിരുദ്ധമായത്‌കൊണ്ടാണ് മരവിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാറിലെവിവാദ മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടി ഉണ്ടായേക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിശദീകരണം.