23.8 C
Kottayam
Tuesday, May 21, 2024

ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം;അട്ടിമറി ഭീഷണിയൊഴിഞ്ഞു, ബജറ്റ് പാസായി

Must read

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭ പാസാക്കി. പ്രതിപക്ഷനേതാവടക്കം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 15 ബി.ജെ.പി. എം.എല്‍.എമാരുടെ അസാന്നിധ്യത്തിലായിരുന്നു ബജറ്റ് പാസാക്കിയത്. ശേഷിക്കുന്ന പത്ത് ബി.ജെ.പി. എം.എല്‍.എമാര്‍ സഭ വിട്ടിറങ്ങിയിരുന്നു. ശബ്ദവോട്ടോടെയാണ് സഭ ബജറ്റ് പാസാക്കിയത്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അഭിപ്രായപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ വോട്ടുചെയ്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ആയോഗ്യതാപ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പിക്ക് വോട്ടുചെയ്തവരില്‍ ഒരാള്‍ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും സുഖ്‌വിന്ദര്‍ സിങ് സുഖു അവകാശപ്പെട്ടു. മറ്റുള്ളവര്‍ക്ക് ജനം മറുപടി നല്‍കും. വിക്രമാദിത്യ സിങ് സഹോദരനാണ്. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ യാതൊരു കാരണവുമില്ല. അദ്ദേഹത്തിന് ചില പരാതികളുണ്ട്. അത് പരിഹരിക്കും. അദ്ദേഹവുമായി സംസാരിച്ചെന്നും സുഖു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്‌വി അപ്രതീക്ഷിതമായി തോറ്റിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണിത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ആടിയുലയുന്ന സൂചന വന്നുതുടങ്ങിയത്.

പിന്നാലെ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് രാജിസമര്‍പ്പിച്ചിരുന്നു. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരം പാര്‍ട്ടി നല്‍കുന്നില്ലെന്നുമായിരുന്നു വിക്രമാദിത്യസിങ്ങിന്റെ ആരോപണം. പിന്നാലെ, മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ്ങും രാജിവെച്ചെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹമത് തള്ളി രംഗത്തെത്തി.

ഹിമാചലില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 14 ബിജെപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week