തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി വിലയിരുത്താൻ മന്ത്രിമാർ അടിയന്തര യോഗം ചേർന്നു. കെ. രാജൻ, വി ശവൻ കുട്ടി, ജി ആർ അനിൽ, ആന്റി രാജു എന്നീ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലയിൽ മഴ തുടരാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം 211 മില്ലീ മീറ്റർ മഴ ആണ് ലഭിച്ചത് എന്നും ജില്ലയിൽ ശരാശരി മഴ 180 മില്ലീ മീറ്ററിന് മുകളിൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആറ് വീടുകൾ തകർന്നിട്ടുണ്ട്, നാലിടത്ത് ദുരിതാശ്വാസക്യാംപുകൾ ആരംഭിച്ചു എന്നും മന്ത്രി വ്യക്തമാക്കി. ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.