മുംബൈ: റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന. 4,518 കോടി രൂപയാണ് ലാഭം. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വർധനവും എആർപിയുവും വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 3,528 കോടി രൂപയായിരുന്നു ലാഭമെന്ന് ടെലികോം റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. റിലയൻസ് ജിയോ ഇൻഫോകോമിന്റെ (ആർജെഐഎൽ) പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20.2 ശതമാനം വർധിച്ച് 200 കോടി രൂപയായി. ഇപ്പോൾ അവസാനിച്ച പാദത്തിൽ 22,521 കോടി രൂപയാണ് വരുമാനം.
മുൻ വർഷം ഇതേ കാലയളവിൽ 18,735 കോടി രൂപയായിരുന്നു വരുമാനം. 5ജി സേവനങ്ങൾക്കായി രാജ്യത്തുടനീളം വലിയ തോതിലുള്ള നെറ്റ്‌വർക്ക് വിന്യാസങ്ങൾ നടക്കുന്നുണ്ട്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ത്രൈമാസത്തിൽ കമ്പനിയുടെ ഓരോ ഉപയോക്താവിന്റെയും ശരാശരി വരുമാനം (ARPU) വാർഷികാടിസ്ഥാനത്തിൽ 23.5 ശതമാനം വർധിച്ച് ഒരു വരിക്കാരന് പ്രതിമാസം 177.2രൂപയായിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട പാദത്തിൽ, പ്രതിശീർഷ വോയ്‌സ് ഉപഭോഗം 969 മിനിറ്റായപ്പോൾ, പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം 22.2ജിബി ആയി വർധിച്ചു.
ജിയോ നെറ്റ്‌വർക്കിലെ മൊത്തം ഡാറ്റ ട്രാഫിക് 22.7 ശതമാനമായി വർധിച്ച് 28.2 ബില്യൺ ജിബിയായി. 20 വർഷത്തേക്ക് 25,040MHz ടെക്‌നോളജി അഗ്നോസ്റ്റിക് സ്‌പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം ജിയോ സ്വന്തമാക്കി. പ്രതിവർഷം 7.2 ശതമാനം പലിശ സഹിതം 88,078 കോടി തുല്യമായ 20 വാർഷിക ഗഡുക്കളായി അടയ്‌ക്കണം എന്ന നിബന്ധനയോടെ. മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ഈ മാസം ആദ്യത്തോടെ റിലയൻസ് ജിയോ ആരംഭിച്ചിരുന്നു. ട്രയലിന്റെ ഉപയോക്താക്കൾക്ക് നിലവിൽ 1 ജിബിപിഎസിൽ കൂടുതൽ വേഗത ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും.
ഡൽഹിയിലെ ലുറ്റിയൻസ് സോണിലെ ചാണക്യപുരിയിലുള്ള ഉപയോക്താക്കൾക്ക് 1Gbps-ൽ കൂടുതൽ ഇന്റർനെറ്റ് വേഗത ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. നിലവിൽ ഇൻവിറ്റേഷൻ ബേസിൽ മാത്രമേ 5ജി സേവനങ്ങൾ ലഭ്യമാകൂ. ക്രമേണ മുഴുവൻ നഗരങ്ങളിലുമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും.സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.