NationalNews

മോചനം നീളും,ഇന്ത്യന്‍ നാവികരെ നൈജീരിയയില്‍ റിമാന്‍ഡ് ചെയ്തു

പോർട്ട് ഹാർകോട്ട്: നൈജീരിയിൽ തടവിലായ ഇന്ത്യക്കാരായ നാവികരുടെ മോചനം അനിശ്ചിതമായി നീളാൻ സാധ്യത. നൈജീരിയൻ നിയമ പ്രകാരമുള്ള നടപടികളിലേക്ക് അധികൃതർ കടന്നതോടെ ആശങ്കയിലാണ് നാവികർ. ഹീറോയിക് ഇഡുൻ കപ്പലിലെ നാവികർക്കെതിരെ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവു ലഭിച്ചേക്കാം. കൂടാതെ ശിക്ഷിക്കപ്പെട്ടാൽ 35 കോടി നൈജീരിയൻ നൈറ(അവിടുത്തെ പണം) കമ്പിനിക്കും ഓരോ ആൾക്കും 12 കോടി നൈറ പിഴയും നൽകേണ്ടി വരും.

മാരിടൈം നിയമത്തിലെ 12ാം ഉപവിഭാഗം അനുസരിച്ചുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കപ്പൽ പോർട്ട് ഹാർക്കോട്ടിൽ എത്തിച്ച ശേഷം ഫെഡറൽ ഹൈക്കോടതിയിൽ 16 നാവികരെ ഹാജരാക്കി. ഇവരെ കോടതി റിമാൻഡ് ചെയ്തു. മറ്റ് പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇപ്പോൾ റിമാൻഡിലായ 16 പേർ പോളണ്ട്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. വിജിത്ത് അടക്കമുള്ള മലയാളികളും റിമാൻഡിലായോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

നൈജീരിയയുടെ നിഗർ ഡെൽറ്റ് ഓയിൽ മൈനിൽ നിന്നും ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കപ്പൽ അധികൃതർക്കെതിരായ ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്‌കോ ഓയിൽ ഫീൽഡിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ ഹീറോയിക് ഇഡുൻ കപ്പൽ പ്രവേശിച്ചു എന്നതാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

നൈജീരിയയിലെ ബോണി ആങ്കേറജിലുള്ള ഹീറോയിക് ഇഡുൻ കപ്പലിലാണ് നാവികർ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ വിിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിന് കൂടുതൽ സമയമെടുക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ആയുധധാരികളായ നൈജീരിയൻ നാവികസേന കപ്പലിൽ കാവലിലുണ്ട്്. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാജ്യം കപ്പിലിനെതിരെ ഉന്നയിക്കുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ അടക്കമുള്ള നിയമനടപടിയാകും നൈജീരിയ സ്വീകരിച്ചതും. എന്നാൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നാവികർ. തർക്കം നീളുന്നതോടെ പ്രശ്‌നം അന്താരാഷ്ട്ര കോടതിയിലേക്ക് അടക്കം നീണ്ടേക്കും. നയതന്ത്രതല ശ്രമങ്ങൾക്കൊപ്പം കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ച് നൽകിയ കേസിലും വാദം ഉടൻ തുടങ്ങും.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹെറോയിൻ ഇൻഡുൻ കപ്പൽ ദുരൂഹ സാഹചര്യത്തിൽ എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയത്. 89 ദിവസങ്ങൾക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷൻ വഴിയും പല കുറി ഇടപെടലുകൾ നടത്തിയെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. പിടിയിലായ കപ്പൽ ജീവനക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. നൈജീരിയയിലെ നിയമ കുരുക്കിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയൽ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എന്നാൽ നിയമത്തിന്റെ വഴിക്ക് കാര്യങ്ങൾ പോകട്ടെയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിഴ തുകയായി 20 ലക്ഷം ഡോളർ അടച്ചെങ്കിലും കപ്പൽ നൈജീരിയിലെത്തിച്ച് പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്‌പോ ഓയിൽ ഫീൽഡിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണം. കടൽ നിയമങ്ങൾ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുൻപ് ഉപഗ്രവുമായുള്ള ബന്ധം കപ്പൽ വേർപെടുത്തിയതിലും ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button