പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ പരമ്പരാഗത പാത വഴി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ കടത്തിവിട്ടു തുടങ്ങി. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി രാത്രി എട്ട് വരെയാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. പമ്പയില്‍ നിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പന്‍ റോഡിലൂടെയും സന്നിധാനത്തേക്കു പോകാം.
തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാന്‍ അനുമതി നല്‍കി. പരമാവധി 12 മണിക്കൂര്‍ വരെ താമസിക്കാം. സന്നിധാനത്തെത്തി ഇവ ബുക്കു ചെയ്യാം. നടപ്പന്തലിലും മറ്റും വിരിവെക്കാനുള്ള അനുമതിയില്ലെന്ന് കലക്ടര്‍ പറഞ്ഞു.പമ്പാ സ്‌നാനവും ബലി തര്‍പ്പണവും നടത്താം.
ത്രിവേണി വലിയപാലം മുതല്‍ ആറാട്ടു കടവു വരെയുള്ള ഭാഗത്താണ് സ്‌നാനം അനുവദിച്ചിട്ടുള്ളതെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നീലിമലപ്പാതയില്‍ ഏഴ് അത്യാഹിത മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും.
കുടിവെള്ളത്തിനായി സംവിധാനവുമുണ്ട്. 56 ശൗചാലയ യൂണിറ്റുകളും തയ്യാറായി. അയ്യപ്പസേവാ സംഘത്തിന്റെ 40 വൊളന്റിയര്‍മാര്‍ അടങ്ങുന്ന സ്‌ട്രെച്ചര്‍ യൂണിറ്റുകളും ഇവിടെയുണ്ടാകും.