തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സിനിമ തീയറ്ററില്‍ പ്രവേശിക്കാം.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി.
വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ സാധിക്കും. അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും തുറന്ന സ്ഥലങ്ങളില്‍ 200 പേര്‍ക്കും പങ്കെടുക്കാനുമാണ് തീരുമാനമായത്. സ്‌കൂളില്‍ കുട്ടികള്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. നേരത്തെ, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ തീയറ്ററില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. എന്നാല്‍ തീയറ്റര്‍ ഉടമകളുടെ ഇടപെടീലിനെ തുടര്‍ന്നാണ് ഇക്കാര്യത്തിലും ഇളവ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 6444 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,62,454 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4886 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 230 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 55 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 87 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,236 ആയി.