കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍കുളങ്ങര കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍, പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി മെഡിക്കല്‍ബോര്‍ഡ്. ഇതുവരെ ലഭ്യമായ തെളിവുകള്‍വെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകള്‍ക്കിടെ എപ്പോഴാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ചൊവ്വാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിലയിരുത്തിയത്.
എന്നാല്‍, ഇതിനോട് ഒമ്പതംഗസമിതിയിലെ രണ്ടുപേര്‍ പൂര്‍ണമായും വിയോജിപ്പ് പ്രകടിപ്പിച്ചു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവരാണ് വിയോജിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നല്‍കിയിരുന്നത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.
സ്‌കാര്‍ട്ടിഷ്യുവിനും ഒമന്റത്തിനുമിടയില്‍ ചുറ്റപ്പെട്ട നിലയിലാണ് കത്രിക കിടന്നിരുന്നതെന്നും അതിനാല്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനിടയിലുണ്ടാവുന്ന കത്രികയുടെ ചലനങ്ങള്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടണമെന്നില്ലെന്നുമാണ് ബോര്‍ഡിന്റെ നിഗമനം. യോഗത്തില്‍ റേഡിയോളജിസ്റ്റിന്റെ അഭിപ്രായമാണ് നിര്‍ണായകമായതെന്നറിയുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍ അധ്യക്ഷനായ സമിതിയില്‍ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. ദിലീപ് (ഗൈനക്കോളജിസ്റ്റ്), കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലെ ഡോ. വിനോദ് കുമാര്‍ (ജനറല്‍ സര്‍ജറി), ഡോ. ജമീല്‍ ഷജീര്‍ (ജനറല്‍ മെഡിസിന്‍), ഡോ. മിനി കമല (അനസ്‌തേഷ്യ), ഡോ. എ. മൃദുലാല്‍ (ഫൊറന്‍സിക് മെഡിസിന്‍), ഡോ. സലീം (റേഡിയോളജിസ്റ്റ്), അഡ്വ. ജയദീപ് (പബ്ലിക് പ്രോസിക്യൂട്ടര്‍), കെ. സുദര്‍ശന്‍ (മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍) എന്നിവരാണുണ്ടായിരുന്നത്.
അതേസമയം, നേരത്തേയുള്ള അന്വേഷണറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.