തിരുവനന്തപുരം: വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സാമൂഹികമാധ്യമത്തിലൂടെ റീൽസ് തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത നിർമാണത്തിലെ അപാകത സംബന്ധിച്ച് സർക്കാരിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിമാർ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. അത്തരം റീൽസുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് എതിർക്കുന്നവർക്ക് തലവേദനയാണ്. എത്ര വിമർശിച്ചാലും റീൽസ് ഇടുന്നത് തുടരുകതന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66-ൽ സംസ്ഥാന സർക്കാരിന്റെ പങ്ക് എന്തെന്ന് നേരത്തേ വിശദീകരിച്ചതാണ്. കോൺഗ്രസും ബിജെപിയും അത് ഉൾക്കൊള്ളാത്തതിന്റെപിന്നിൽ രാഷ്ട്രീയമാണ്. നിർമാണത്തിലുള്ള ഭാഗം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് നിർമാണം പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയനീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും േദശീയപാതാ അതോറിറ്റിയിലെ സാങ്കേതികവിദഗ്ധർ സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ചചെയ്ത് മറ്റുകാര്യങ്ങൾ നിശ്ചയിക്കുമെന്നും ഫെയ്‌സ്ബുക്ക് പേജിലൂടെ മന്ത്രി പ്രതികരിച്ചു.

