റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കണ്ണൂർ കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (19/07/2025) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്.

‘കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (19-07-2025, ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും’ കണ്ണൂർ ജില്ലാ കളക്ടർ അറയിച്ചു.

‘ജില്ലയില്‍ കനത്ത മഴ തുടരുകയും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് .ഇതിന്റെ പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്’ കാസർകോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

കാസര്‍കോട് അടക്കം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച റെഡ് അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

വയനാട്

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ശനിയാഴ്ച (19-7-25) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും,സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News