KeralaNews

സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി; വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയര്‍ന്നത്.

സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി അവസരോചിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്തില്‍ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഇന്ന് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് കെ എസ് ആര്‍ ടി സി പരമാവധി സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാവും.

സ്വകാര്യ ബസ് ഉടമകള്‍ കഴിഞ്ഞ നവംബറില്‍ തന്നെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളള്‍ പറയുന്നത്. ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button