ബെംഗളൂരു: പ്രമുഖ സാമൂഹ്യ പ്രവർത്തകയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ട് പ്രതികൾക്ക് വമ്പൻ സ്വീകരണം ഒരുക്കി കർണാടകയിലെ ഹിന്ദു അനുകൂല സംഘടനകൾ. ഒക്ടോബർ ഒൻപതിനാണ് പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഒക്ടോബർ പതിനൊന്നിന് പ്രതികൾ ജയിൽ മോചിതരായിരുന്നു. ഇതോടെയാണ് അവർക്ക് സ്വീകരണം ഒരുക്കാൻ സംഘടനകൾ രംഗത്ത് വന്നത്.
കേസിലെ പ്രതികളായ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും കഴിഞ്ഞ ദിവസമാണ് ബെംഗളൂരു സ്‌പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പരപ്പന ജയിലിൽ നിന്ന് ഇരുവരെയും വെള്ളിയാഴ്‌ചയാണ് മോചിപ്പിച്ചത്. ഏകദേശം അവർ വർഷത്തോളമാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾ ജയിലിൽ കിടന്നത്.
എന്നാൽ ജയിൽ മോചിതരായ ശേഷം സ്വന്തം നാടായ വിജയപുരയിൽ എത്തിയപ്പോഴാണ് ഇരുവർക്കും വലിയ രീതിയിൽ ഇവിടെ ഹിന്ദു അനുകൂല സംഘടനകൾ സ്വീകരണം ഒരുക്കിയത്. പൂമാലകളും കാവി ഷാളും അണിയിച്ചാണ് അവരെ സംഘനാപ്രതിനിധികൾ സ്വീകരിച്ചത്. തുടർന്ന് ഇവരെ ഛത്രപത്രി ശിവജിയുടെ പ്രതിമയ്ക്ക് അരികിലേക്ക് കൊണ്ട് പോവുകയും ചെയ്‌തിരുന്നു.
ഇരുവരെയും തെറ്റായാണ് കേസിൽ പ്രതിചേർത്തതെന്ന് സംഘാടകർ ഉൾപ്പെടെ ആരോപിക്കുന്നു. ഇരുവർക്കും പുറമേ മറ്റ് പ്രതികൾക്കും കേസിൽ ജാമ്യം ലഭിച്ചിരുന്നു. അമോൽ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേശ് ദേവദേക്കർ, ഗണേഷ് മിസ്‌കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്ക് കൂടി കേസിൽ ജാമ്യം അനുവദിച്ചിരുന്നു എന്നാണ് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വർഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്‌മോറിനെയും മനോഹർ യാദ്‌വെയെയും തങ്ങൾ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഗൗരി ലങ്കേഷ് വധത്തിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നുംസ്വീകരണം ഒരുക്കിയവരിൽ ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, സംഭവം കൂടുതൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്. കൊലപാതക കേസ് പ്രതികൾക്ക് സ്വീകരണം നൽകിയ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇരുവരുടെയും നിരപരാധിത്വം ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു എന്നും ഇത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.
2017 സെപ്റ്റംബർ അഞ്ചിനാണ് മാധ്യമപ്രവർത്തകയും ആക്‌ടിവിസ്‌റ്റുമായ ഗൗരി ലങ്കേഷ് തെക്കൻ ബെംഗളൂരുവിലെ സ്വന്തം വസതിക്ക് മുന്നിൽ വെടിയേറ്റ് മരിച്ചത്. ഇടതുപക്ഷ അനുകൂല നിലപാടുകൾ കൊണ്ട് കൂടി ശ്രദ്ധേയയായിരുന്നു ഗൗരി ലങ്കേഷ്. നിരന്തരം ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിലപാടുകൾക്ക് എതിരെ വിമർശനം ഉന്നയിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
രാജ്യമാസകലം ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. വിദ്യാർത്ഥികളും യുവജന സംഘടനകളും ഉൾപ്പെടെ തെരുവിൽ ഇറങ്ങുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിന് ഒടുവിൽ 18 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിലാണ് ഇപ്പോൾ എട്ട് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.