കണ്ണൂര്‍: സി.പി.എം പുറത്താക്കിയ തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ അധ്യക്ഷനുമായ കോമത്ത് മുരളീധരനും അന്‍പതോളം പേരും സി.പി.ഐയില്‍ ചേര്‍ന്നതിനു പിന്നാലെ പാര്‍ട്ടിക്കെതിരേ ഗുരുതര ആരോപണങ്ങള്‍. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ അഴിച്ചുവിട്ടത്.
പ്രവാസി വ്യവസായിയും പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയുമായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയില്‍ തുറന്നു പറഞ്ഞതിനാണ് വേട്ടയാടല്‍ തുടങ്ങിയതെന്ന് മുരളീധരന്‍ ആരോപിച്ചു.
പാര്‍ത്ഥാസ് ഉടമ സാജന്‍ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായ തെറ്റുകള്‍ ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. തളിപറമ്പിലെ മൂന്ന് ഡി.സി മെമ്പര്‍മാരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവരെ നശിപ്പിക്കുകയാണ് ചെയ്ുയന്നത്. മുഖസ്തുതി പറയുന്നവര്‍ക്കു മാത്രമേ തളിപ്പറമ്പ് സി.പി.എമ്മില്‍ സ്ഥാനമുള്ളു.
നേതാവിന് ചുറ്റും സംരക്ഷണ വലയം തീര്‍ക്കുകയാണ് ചിലര്‍ ചെയ്യുന്നത്.1983 മുതല്‍ സിപിഎം മെംബറാണ് താന്‍. 10 വര്‍ഷം ലോക്കല്‍ സെക്രട്ടറി, 18 വര്‍ഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഞങ്ങളെ ഞങ്ങളാക്കിയതു പാര്‍ട്ടിയാണ്. അതിന്റെ പേരില്‍ അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ താന്‍ ചിലര്‍ക്കു ശത്രുവായി. തെറ്റായ പ്രവണതകള്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വ്യക്തിപരമായ ശത്രുത പുലര്‍ത്തുകയാണ് അവര്‍ ചെയ്തത്. എം.വി ആറിനോടൊപ്പം പാര്‍ട്ടി വിട്ട് പിന്നീട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോള്‍ പാര്‍ട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.