നിരവധി കാരണങ്ങള്‍ ഒരുമിച്ചെത്തിയതാണ് കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിവ്യാപനത്തിന് കാരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന. വൈറസിനുണ്ടായ വ്യതിയാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ അതിനെ സഹായിക്കുന്നതായി ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് മാത്രമല്ല വൈറസിനെ വളരെ വേഗം പടരാന്‍ സഹായിക്കുന്നത്.
വാക്സീനുകളും മുന്‍ അണുബാധകളും നല്‍കുന്ന പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനുള്ള ശേഷിയാണ് അതിവ്യാപനത്തിനുളള രണ്ടാമത്തെ കാരണം. ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്ത് വൈറസ് പെറ്റുപെരുകുന്നതാണ് മറ്റൊരു കാരണം. ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങള്‍ ശ്വാസകോശ നാളിയുടെ താഴത്തെ ഭാഗത്താണ് പെരുകിയിരുന്നത്. ഇതിനെല്ലാം പുറമേ മഞ്ഞ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ അകത്തളങ്ങളില്‍ ഒത്തു ചേരുന്നതും കൂടുതല്‍ ഇടപഴകുന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് മരിയ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക അകലം പാലിക്കേണ്ടത് ഈ വകഭേദത്തെ നേരിടാനുള്ള പ്രധാന ആയുധമാണെന്നും ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു. 95 ലക്ഷം പുതിയ കോവിഡ് കേസുകളാണ് ആഗോള തലത്തില്‍ കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനു മുന്‍ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനത്തിന്‍റെ വര്‍ധന. ദീര്‍ഘ കാല കോവിഡ് ലക്ഷണങ്ങളെ ഓര്‍ത്തെങ്കിലും വൈറസ് പിടിപെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ജനങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിദിന രോഗികൾ 1,94,720 ആയി. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ 15 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഒമിക്രോൺ രോഗികളുടെ എണ്ണം 4,868 ആയും ഉയർന്നിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടിയ നിരക്കിൽ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനത്തിൽ എത്തി. മഹാരാഷ്ട്രയിൽ 34000 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. അതേസമയം ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്നും എന്നാൽ ഗുരുതരമാവില്ലെന്നും സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു
ആശുപത്രികളടം ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിലും കൊവിഡ് വ്യാപിക്കുകയാണ്. ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ആൾക്കൂട്ട നിയന്ത്രണങ്ങളടക്കം നിർദേശങ്ങൾ അതാത് സംസ്ഥാനങ്ങൾക്കെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിംഗ് കോളേജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.
സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.