റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. ആവേശകരമായ പോരാട്ടത്തിൽ അത്ലറ്റികോ ഡി മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനില പാലിച്ചു. എക്സ്ട്രാ ടൈമിൽ രണ്ട് ഗോളുകൾ നേടിയ റയൽ വിജയം ആധികാരികമാക്കി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. മരിയോ ഹെർമോസോയിലൂടെ അത്ലറ്റികോ ഡി മാഡ്രിഡ് മുന്നിലെത്തി. എന്നാൽ 20-ാം മിനിറ്റിൽ അന്റോണിയോ റുഡിഗെറിലൂടെ റയലിന്റെ മറുപടിയെത്തി. 29-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡി റയലിനെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അന്റോയിൻ ഗ്രീസ്മാൻ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിലും ആവേശപ്പോരാട്ടം തുടർന്നു. 78-ാം മിനിറ്റിൽ അന്റോണിയോ റുഡിഗെറിന്റെ സെൽഫ് ഗോൾ വീണ്ടും അത്ലറ്റികോ ഡി മാഡ്രിഡിനെ മുന്നിലെത്തിച്ചു. എന്നാൽ മാഡ്രിഡ് ഗോൾമഴ അവിടെയും അവസാനിച്ചില്ല. 85-ാം മിനിറ്റിൽ ഡാനി കാർവഹൽ റയലിന്റെ സമനില കണ്ടെത്തി. പിന്നാലെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോളെണ്ണം മൂന്നായിരുന്നു.
എക്സ്ട്രാ ടൈമിലും ഏറെക്കുറെ സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് 116-ാം മിനിറ്റിൽ സാവിച്ചിന്റെ സെൽഫ് ഗോൾ വന്നത്. ഇതോടെ റയൽ മത്സരത്തിൽ മുന്നിലെത്തി. 122-ാം മിനിറ്റിൽ ബ്രാഹിം ഡയസ് റയൽ വിജയത്തിന്റെ മാറ്റ് കൂട്ടി. അവസാന നിമിഷം പുറത്തിറങ്ങി കളിച്ച അത്ലറ്റികോ ഗോൾ കീപ്പർ ജാൻ ഒബ്ലാക്കിന്റെ തീരുമാനം റയലിന്റെ അഞ്ചാം ഗോളിന് വഴിവെച്ചു. നാളെ പുലർച്ചെ നടക്കുന്ന സെമിയിൽ ബാഴ്സലോണ – ഒസസൂന എഫ് സിയെ നേരിടും.