NationalNews

ബി.ജെ.പിയുമായി ഇനി സഖ്യമില്ല; രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും- ജെ.ജെ.പി.

ചണ്ഡീഗഢ്: ഹരിയാണയില്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി). സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായിരുന്നു ജെ.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഭരണകക്ഷിയായ ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനും ഇനിയില്ലെന്നും ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹരിയാണ മുൻ ഉപമുഖ്യമന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാണ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി പകരം നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഒരിടത്തും ജെ.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായ ദീപേന്ദര്‍ സിങ് ഹൂഡ റൊഹ്തക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാണയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമുഖനായ വ്യക്തിയേയോ ഏതെങ്കിലും കായികതാരത്തേയോ മത്സരിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ജെ.ജെ.പി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button